അര്‍ണബിന് കത്ത്; മഹാരാഷ്ട്രാ നിയമസഭാ സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ നടപടി, നോട്ടീസ് 

അര്‍ണബിന് കത്ത്; മഹാരാഷ്ട്രാ നിയമസഭാ സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ നടപടി, നോട്ടീസ് 
അര്‍ണാബ് ഗോസ്വാമി
അര്‍ണാബ് ഗോസ്വാമി


ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്രാ നിയമസഭാ സെക്രട്ടറിക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. അവകാശ ലംഘന നോട്ടീസിലെ വിവരങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കരുതെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറി അര്‍ണബ് ഗോസ്വാമിക്കു കത്തു നല്‍കിയത് കോടതിയലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നിരീക്ഷിച്ചു.

അവകാശ ലംഘന കേസില്‍ അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. കത്തിന്റെ ഉള്ളടക്കം, അര്‍ണബിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ വായിച്ചുകേള്‍പ്പിച്ചു. ''നിയമസഭയിലെ നടപടികള്‍ രഹസ്യമാണെന്നും കോടതിയെ അറിയിക്കരുതെന്നും'' ഒരു ഉദ്യോഗസ്ഥന്‍ കത്തിലൂടെ ആവശ്യപ്പെടുന്ന ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

കോടതിയെ സമീപിച്ചതിന് പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയാണ് കത്തിലൂടെ ചെയ്തിരിക്കുന്നത്. അതു കോടതിയലക്ഷ്യമാണ്. ഇക്കാര്യത്തില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് നോട്ടീസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. 

കോടതിയെ സമീപിക്കുന്നതില്‍നിന്ന് ഒരാളെ ബോധപൂര്‍വം തടയാന്‍ ശ്രമിക്കുന്നത് നീതി നടത്തിപ്പിന്റെ ലംഘനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ അമിക്കസ് ക്യൂറിയായി സീനിയര്‍ അഭിഭാഷകന്‍ അരവിന്ദ് ദത്തറിനെ നിയോഗിച്ചു.

കത്തിന്റെ ഉള്ളടക്കെ ന്യായീകരിക്കുന്നില്ലെന്ന് മഹാരാഷ്ട്രയ്ക്കു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com