യുദ്ധ സാധ്യത തള്ളാനാവില്ല, അതിര്‍ത്തിയില്‍ വരുത്തിവെച്ച അനര്‍ത്ഥത്തിന്റെ പ്രത്യാഘാതം ചൈന അനുഭവിക്കുന്നു: ബിപിന്‍ റാവത്ത് 

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നടത്തിയ അനര്‍ത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടുകൊണ്ടിരിക്കുകയാണന്ന് സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്
യുദ്ധ സാധ്യത തള്ളാനാവില്ല, അതിര്‍ത്തിയില്‍ വരുത്തിവെച്ച അനര്‍ത്ഥത്തിന്റെ പ്രത്യാഘാതം ചൈന അനുഭവിക്കുന്നു: ബിപിന്‍ റാവത്ത് 

ന്യൂഡല്‍ഹി: യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നടത്തിയ അനര്‍ത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടുകൊണ്ടിരിക്കുകയാണന്ന് സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുമ്പോഴും ഇന്ത്യന്‍ സൈന്യത്തിന്റെ വിന്യാസത്തില്‍ ആശങ്ക വേണ്ടായെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയില്‍ മാസങ്ങളായി ചൈനയുമായുള്ള സംഘര്‍ഷം തുടരുകയാണ്. ചൈനയുമായുള്ള യുദ്ധത്തിനുള്ള സാധ്യത തളളിക്കളയാന്‍ സാധിക്കില്ലെന്നും ബിപിന്‍ റാവത്ത് സൂചന നല്‍കി.  ഒരു പ്രകോപനവുമില്ലാത്ത സൈനിക നീക്കങ്ങള്‍, അതിര്‍ത്തി ലംഘനങ്ങള്‍ തുടങ്ങി ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ അനാവശ്യമായ ഇടപെടലുകള്‍ വലിയതോതിലുള്ള സംഘര്‍ഷത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചത്. എങ്കിലും ഇന്ത്യയുടെ സേനാവിന്യാസം കരുത്തുറ്റതും ആശങ്കയ്ക്ക് ഇടംനല്‍കാത്തതുമാണ്. ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ അനര്‍ത്ഥമാണ് പീപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചൈനയുടെ പ്രകോപനത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയതെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി എട്ടാമത്തെ സൈനിക തല ചര്‍ച്ച ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ പുരോഗമിക്കുന്നതിനിടെയാണ് ബിപിന്‍ റാവത്തിന്റെ വാക്കുകള്‍. തന്ത്രപ്രധാന രാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസവും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിന് പ്രതിരോധ നയതന്ത്രത്തിനുള്ള പ്രാധാന്യം ഇന്ത്യക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.  വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പ്രതിരോധ വ്യവസായം പുരോഗതി കൈവരിക്കും. ഇത് ഇന്ത്യയുടെ സൈനിക ശക്തി മെച്ചപ്പെടുന്നതിന് പിന്‍ബലം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com