ബിഹാറില്‍ കോണ്‍ഗ്രസിന്റെ 'സുരക്ഷാ ബബിള്‍' ; വിജയിക്കുന്നവരെ പുറത്തുവിടില്ല ; മേല്‍നോട്ടത്തിന് കേന്ദ്രനേതാക്കള്‍

ഫലപ്രഖ്യാപനം വരുന്ന മുറയ്ക്ക് വിജയിക്കുന്നവരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനും പദ്ധതിയുണ്ട്
ബിഹാറില്‍ കോണ്‍ഗ്രസിന്റെ 'സുരക്ഷാ ബബിള്‍' ; വിജയിക്കുന്നവരെ പുറത്തുവിടില്ല ; മേല്‍നോട്ടത്തിന് കേന്ദ്രനേതാക്കള്‍

പറ്റ്‌ന : ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, കൂറുമാറ്റം തടയാനുള്ള മുന്‍കരുതലുമായി കോണ്‍ഗ്രസ്. കേന്ദ്ര നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, അവിനാശ് പാണ്ഡെ എന്നിവരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറ്റ്‌നയിലേക്ക് അയച്ചു. 

ഗോവ, മണിപ്പൂര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നീക്കം.  സ്ഥാനാര്‍ത്ഥികളുമായി കേന്ദ്രനേതാക്കള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തും. ഇവരെ പറ്റ്‌നയിലെ ഒരു ഹോട്ടലിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്. 

ഫലപ്രഖ്യാപനം വരുന്ന മുറയ്ക്ക് വിജയിക്കുന്നവരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനും പദ്ധതിയുണ്ട്. അതുവഴി ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. 

അതേസമയം സ്ഥാനാര്‍ത്ഥികളെ ബന്തവസ്സിലാക്കാനല്ല കേന്ദ്രനേതാക്കള്‍ വരുന്നതെന്നും, സാധാരണ സന്ദര്‍ശനത്തിന്റെ ഭാഗം മാത്രമാണെന്നുമാണ് ബിഹാര്‍ പിസിസി പ്രസിഡന്റ് മദന്‍ മോഹന്‍ ഝാ പറഞ്ഞത്. സുര്‍ജേവാല ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനാണ്.

മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ ബിപിസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാനുമാണ്. അതേസമയം പാര്‍ട്ടി എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മുന്‍കരുതല്‍ സംവിധാനം സ്വീകരിക്കുന്നത് നല്ലതാണെന്നും മദന്‍ മോഹന്‍ ഝാ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com