ലോക്ഡൗണ്‍ ജീവിതം പ്രതിസന്ധിയിലാക്കി; ഹോസ്റ്റല്‍ ഒഴിയേണ്ടിവന്നു; പ്ലസ് ടു പരീക്ഷയിലെ ഒന്നാംറാങ്കുകാരി ആത്മഹത്യ ചെയ്തു

ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.
ലോക്ഡൗണ്‍ ജീവിതം പ്രതിസന്ധിയിലാക്കി; ഹോസ്റ്റല്‍ ഒഴിയേണ്ടിവന്നു; പ്ലസ് ടു പരീക്ഷയിലെ ഒന്നാംറാങ്കുകാരി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഐശ്വര്യ റെഡ്ഡി എന്ന 19കാരിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഡല്‍ഹി ലേഡി ശ്രീറാം കോളജിലെ ഗണിത ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ഐശ്വര്യ. സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന് ഹോസ്റ്റല്‍ ഒഴിയേണ്ടിവന്നതിന്റെ വിഷമമാണ് മരണത്തിലേക്ക് നയിച്ചത്. 

നവംബര്‍ 2നാണ് ഐശ്വര്യയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതിവെച്ചാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്. തെലങ്കാന പ്ലസ് ടു പരീക്ഷയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ. 

' എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല. കുടുംബത്തിന് ഭാരമാകാന്‍ എനിക്ക് വയ്യ. പഠനമില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല. എന്റെ മുന്നിലുള്ള ഒരേയൊരു വഴി ഇതാണ്'-ആത്മഹത്യ കുറിപ്പില്‍ ഐശ്വര്യ പറയുന്നു. 

ഓട്ടോ മെക്കാനിക് ആയ ശ്രീനിവാസ് റെഡ്ഡിയുടെയും തയ്യല്‍ത്തൊഴിലാളിയായ സുമതിയുടെയും രണ്ട് മക്കളില്‍ ഇളയ കുട്ടിയാണ് ഐശ്വര്യ. വിദ്യാര്‍ത്ഥിനിയുടെ സഹോദരിക്കും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് പാതിവഴിയില്‍ പഠനം ഉപേകക്ഷിക്കേണ്ടിവന്നിരുന്നു.

വീടും ആകെയുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണയംവെച്ചാണ് ഐശ്വര്യയെ പഠനത്തിന് അയച്ചതെന്ന് പിതാവ് പറയുന്നു. മെരിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച ഐശ്വര്യയ്ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ മുഴുവന്‍ തുകയും മകള്‍ക്ക് ലഭിച്ചിരുന്നോയെന്ന് അറിയില്ലെന്ന് ശ്രീനിവാസ് പറയുന്നു. 

ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി ലാപ്‌ടോപ്പ് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹോസ്റ്റല്‍ ഒഴിയാന്‍ പറഞ്ഞത്. ഇത് കുട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന തന്നെ സഹായിക്കാന്‍ കഴിയുമോ എന്ന് ആരാഞ്ഞ് ഐശ്വര്യ ബോളിവുഡ് നടന്‍ സോനു സൂദിന് ഇമെയില്‍ അയച്ചിരുന്നു. 

'ലാപ്‌ടോപ്പ് ഏറ്റവും അത്യാവശ്യമായി വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എനിക്ക് ലാപ്‌ടോപ്പില്ല. പ്രാക്ടിക്കല്‍ പേപ്പറുകള്‍ അറ്റന്റ് ചെയ്യാന്‍ എനിക്ക് സാധിക്കുന്നില്ല. ഈ പേപ്പറുകളില്‍ ഞാന്‍ പരാജയപ്പെടുമോ എന്ന് പേടിയുണ്ട്. ഞങ്ങളുടെ കുടുംബം ആകെ പ്രതിസന്ധിയിലാണ്. അതുകൊണ്ട് ലാപ്‌ടോപ് വാങ്ങാന്‍ ഒരുവഴിയുമില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പില്ല' ഇമെയിലില്‍ ഐശ്വര്യ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com