ചെങ്കൊടി പാറിച്ച് ഇടതുപക്ഷം, ലെനിന്‍ ഗ്രാഡിലും കുതിപ്പ് ; കരുത്തോടെ ലിബറേഷൻ

ലെനിന്‍ഗ്രാഡ് എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബെഗുസരായിലെ ഏഴ് മണ്ഡലത്തില്‍ മൂന്നിലും ഇടതുപക്ഷം കൊടിപാറിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പറ്റ്‌ന : ബിഹാറില്‍ കരുത്ത് തെളിയിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍. മല്‍സരിച്ച 29 സീറ്റില്‍ 16 എണ്ണം കരസ്ഥമാക്കിയാണ് ഇടതുപാര്‍ട്ടികള്‍ കരുത്ത് കാട്ടിയത്. 70 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസിന്റെ വിജയം 19 സീറ്റിലേക്ക് ചുരുങ്ങിയപ്പോഴാണ് ഇടതു പാര്‍ട്ടികളുടെ കുതിപ്പ്. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് ബിഹാര്‍ നിയമസഭയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 15 ല്‍ കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടാകുന്നത്. 

മത്സരിച്ച 19ല്‍ 12 ല്‍ സിപിഐ എംഎല്‍ വിജയിച്ചപ്പോള്‍ മല്‍സരിച്ച നാല് സീറ്റില്‍ രണ്ടിലും സിപിഎം വിജയിച്ചു. ആറ് സീറ്റില്‍ മത്സരിച്ച സിപിഐയും രണ്ട് സീറ്റില്‍ ജയിച്ചു. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബെഗുസരായിലെ ഏഴ് മണ്ഡലത്തില്‍ മൂന്നിലും ഇടതുപക്ഷം കൊടിപാറിച്ചു.

മാഞ്ചിയില്‍ വിജയിച്ച ഡോ. സത്യേന്ദ്ര യാദവ്‌ ( സിപിഎം)
മാഞ്ചിയില്‍ വിജയിച്ച ഡോ. സത്യേന്ദ്ര യാദവ്‌ ( സിപിഎം)

മാഞ്ചി, വിഭൂതിപ്പുര്‍ മണ്ഡലങ്ങളിലാണ് സിപിഎം ജയിച്ചത്. തേഗ്‌ര, ബക്രി മണ്ഡലങ്ങളില്‍ സിപിഐ ജയിച്ചു. അര, അജിയാവ്, അര്‍വാള്‍, ബല്‍റാംപുര്‍, ദരൗലി, ദുംറാവ്, ഘോസി, പാലിഗഞ്ച്, ഫുല്‍വാരി, തരാരി, സിരദെയ്, കരാകട്ട് മണ്ഡലങ്ങളിലാണ് സിപിഐ എംഎല്‍ ജയം നേടിയത്. 

വിഭൂതിപ്പുരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അജയകുമാര്‍ ജെഡിയുവിലെ രാംബാലക് സിങ്ങിനെ തോല്‍പ്പിച്ചു. മാഞ്ചിയില്‍  ജില്ലാ സെക്രട്ടറിയറ്റ് അംഗം ഡോ. സത്യേന്ദ്ര യാദവ് സംഘപരിവാര്‍ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ റാണാപ്രതാപ് സിങ്ങിനെ കാല്‍ ലക്ഷത്തിലേറെ വോട്ടിന് തോല്‍പ്പിച്ചു. 

വിഭൂതിപ്പുരില്‍ വിജയിച്ച അജയകുമാര്‍ ( സിപിഎം)
വിഭൂതിപ്പുരില്‍ വിജയിച്ച അജയകുമാര്‍ ( സിപിഎം)

ത്രികോണമത്സരമുണ്ടായ  മട്ടിഹാനിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ബെഗുസരായ് മുന്‍ എംഎല്‍എയുമായ രാജേന്ദ്രപ്രസാദ് സിങ് ഒപ്പത്തിനൊപ്പമെത്തിയെങ്കിലും വിജയിക്കാനായില്ല. സിപിഎം നല്ല മത്സരം കാഴ്ചവച്ച പിപ്രയില്‍ സംസ്ഥാന കമ്മിറ്റി അംഗം രാജ്മംഗല്‍ പ്രസാദ് ബിജെപിയുടെ ശ്യാംബാബു പ്രസാദിനോട് തോറ്റു.

ബിജെപിയുമായി മുഖാമുഖം ഏറ്റുമുട്ടിയ പല മണ്ഡലങ്ങളിലും കോൺഗ്രസ്‌ ദയനീയമായി തകർന്നപ്പോൾ ബിജെപിയുടെയും ജെഡിയുവിന്റെ കോട്ടകൊത്തളങ്ങൾ തകർത്താണ്‌ ഇടതുപക്ഷ സ്ഥാനാർഥികൾ കുതിച്ചത്‌. വേണ്ടത്ര പരി​ഗണന ലഭിച്ചില്ലെന്നും, കരുത്തിന് അനുസരിച്ചുള്ള സീറ്റുകൾ ലഭിച്ചില്ലെന്നും സീറ്റ് വിഭജന സമയത്ത് ഇടതുപാർട്ടികൾ ആക്ഷേപം ഉന്നയിച്ചിരുന്നു.

 2010 ൽ സിപിഐ ഒരു സീറ്റ് നേടിയതൊഴിച്ചാൽ കാര്യമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ ഇടതുകക്ഷികൾക്ക് ആയില്ല. 2015 ൽ സിപിഐ–എംഎൽ(ലിബറേഷൻ) മൂന്നു സീറ്റുകൾ നേടിയപ്പോൾ മറ്റു രണ്ടു ഇടതു പാർട്ടികൾക്കും അക്കൗണ്ട് തുറക്കാനായില്ല. ഈ നിലയിൽ നിന്നാണ് 16 സീറ്റിൽ വിജയവുമായി ഇടതുപാർട്ടികൾ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com