'വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നത് അനുവദിക്കാനാവില്ല'; ആത്മഹത്യ പ്രേരണക്കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.
അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു/ ചിത്രം: പിടിഐ
അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ആത്മഹത്യ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 50,000രൂപയുടെ ബോണ്ടിന്‍മേലാണ് അര്‍ണബ് ഗോസ്വാമിക്കും കേസില്‍ അറസ്റ്റിലായ മറ്റു രണ്ടുപേര്‍ക്കും ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നും കോടതി വ്യക്തമാക്കി. 

ജാമ്യാപേക്ഷ പരിഗണിക്കവെ മഹാരാഷ്ട്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉന്നയിച്ചത്. അര്‍ണബിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. ഒരാള്‍ മറ്റൊരാള്‍ക്ക് പണം നല്‍കാനുണ്ട്, സാമ്പത്തിക ഞെരുക്കം കാരണം പണം കിട്ടാനുള്ളയാള്‍ ആത്മഹത്യ ചെയ്താല്‍ എങ്ങനെയാണ് ആത്മഹത്യ പ്രേരണയാകുന്നത് എന്നും കോടതി ചോദിച്ചു. അര്‍ണബ് ഗോസ്വാമിയോടുള്ള വിരേധം തീര്‍ക്കാന്‍വേണ്ടി കേസ് കുത്തിപ്പൊക്കുകയായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചു.

വ്യക്തിസ്വാതന്ത്ര്യം ഇത്തരത്തില്‍ ഹനിക്കപ്പെട്ടാല്‍ അതു നീതിനടത്തിപ്പിനെ പരിഹാസ്യതയിലാക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ഇന്ത്യന്‍ ജനാധിപത്യം അസാധാരണമാംവിധം പുനരുജ്ജീവന ശേഷിയുള്ളതാണെന്നും ടെലിവിഷനിലൂടെ അര്‍ണബ് നടത്തുന്ന ആക്രമണങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി കൂടി അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

''അദ്ദേഹത്തിന്റെ ആശയ സംഹിത എന്തുമാവട്ടെ. ഞാന്‍ ആ ചാനല്‍ കാണാറില്ല. തുറക്കാറു പോലുമില്ല. പക്ഷേ, ഇത്തരമൊരു കേസില്‍ ഭരണഘടനാ കോടതിയെന്ന നിലയില്‍ സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ അതു നാശത്തിനാണ് വഴിയൊരുക്കുക. '' ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ആരോപണത്തിന്റെ പേരില്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനാവുമോ എന്നതാണ് ചോദ്യമെന്ന് കോടതി പറഞ്ഞു.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല ഇതെന്നും നിയമ പ്രക്രിയയുടേത് ആണെന്നും മഹാരാഷ്ട്രാ സര്‍ക്കാരിനു വേണ്ടി ഹാജരായ അമിത് ദേശായി ചൂണ്ടിക്കാട്ടി. അര്‍ണബിന്റെ ജാമ്യാപേക്ഷ കീഴ്ക്കോടതി പരിഗണിക്കാനിരിക്കെ സുപ്രീം കോടതി ഇതില്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് ദേശായി വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com