ഏഴാമത്തെവരവ്; കടമ്പകളേറെ, നിതീഷ് ബിജെപിയുടെ പിടിയില്‍ ഒതുങ്ങുമോ?

ആറ് തവണ സത്യപ്രതിജ്ഞ ചെയ്ത നിതീഷ്, ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ച ഇത്തവണ പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഇതുവരെയൊന്നും പ്രതികരിച്ചിട്ടില്ല.
ഏഴാമത്തെവരവ്; കടമ്പകളേറെ, നിതീഷ് ബിജെപിയുടെ പിടിയില്‍ ഒതുങ്ങുമോ?


43 സീറ്റിലൊതുങ്ങി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും സഖ്യങ്ങളുണ്ടാക്കിയും സൗഹൃദങ്ങള്‍ സ്ഥാപിച്ചും ബിഹാറിന്റെ അധികാര കസേരയില്‍ തുടര്‍ച്ചയായി എത്തിയ നിതീഷ് കുമാര്‍ ഒരുവട്ടംകൂടി മുഖ്യമന്ത്രിയാകുമോ എന്ന ചര്‍ച്ചയിലാണ് രാഷ്ട്രീയ രംഗം. 

ആറ് തവണ സത്യപ്രതിജ്ഞ ചെയ്ത നിതീഷ്, ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ച ഇത്തവണ പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഇതുവരെയൊന്നും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെയെന്ന് നേരത്തെ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. 

2000ത്തിലാണ് സമത പാര്‍ട്ടിയില്‍ നിന്ന് മുഖ്യമന്ത്രിയായി നിതീഷ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2005ലും 2010ലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2013ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ നിതീഷ് 2015ല്‍ വീണ്ടും മുഖ്യമന്ത്രിയായി. 

ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയായിരുന്നു അധികാരത്തിലെത്തിയത്. 2017ല്‍ ആര്‍ജെഡിയുമായുള്ള പാലം വലിച്ച് എന്‍ഡിഎയുമായി കൈകോര്‍ത്തു മുഖ്യമന്ത്രിയായി.

മോദിയെ പ്രധാനമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപിയുമായി വര്‍ഷങ്ങളായി തുടര്‍ന്ന സഖ്യം ഉപേക്ഷിച്ച നിതീഷ് 2017ന് ശേഷം മോദി സര്‍ക്കാരിനെ പുകഴ്ത്തുന്നതില്‍ മുന്നിലായിരുന്നു. 

മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ഇത്തവണ തനിക്കെതിരെ ഉയര്‍ന്ന ഭരണവിരുദ്ധ വികാരത്തെ തളയ്ക്കാന്‍ നിതീഷ് കുമാര്‍ 
ശ്രമിച്ചത്. ഒരുതവണ കൂടി അധികാരത്തിലെത്തിച്ചാല്‍ മോദി സര്‍ക്കാര്‍ ബിഹാറില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് നിതീഷ് പ്രഖ്യാപിച്ചു. 

നിതീഷിന്റെ ഏഴാം വരവിന് പക്ഷേ കടമ്പകളേറെയാണ്. നിതീഷ് തന്നെയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി ദേശീയ, സംസ്ഥാന നേതാക്കള്‍ തറപ്പിച്ചു പറയുമ്പോഴും, സഖ്യത്തിലുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെട്ട ജെഡിയുവിന് ബിജെപിയുടെ നിലപാടുകള്‍ അംഗീകരിച്ചുകൊടുക്കേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com