അര്‍ണബിന്റെ ജാമ്യത്തില്‍ സുപ്രീംകോടതിക്കെതിരെ വിമര്‍ശനം; കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് നീക്കം

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് നീക്കം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് നീക്കം. കുനാല്‍ കമ്രയ്‌ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ നിയമ വിദ്യാര്‍ഥിക്കും രണ്ട് അഭിഭാഷകര്‍ക്കും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അനുമതി നല്‍കി.

കഴിഞ്ഞ ദിവസമാണ് ആത്മഹത്യാ പ്രേരണക്കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ സുപ്രീംകോടതിയുടെ നടപടിയെ വിമര്‍ശിച്ച് കുനാല്‍ കമ്ര ട്വീറ്റുകള്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് മൂന്ന് പേര്‍ അറ്റോര്‍ണി ജനറലിനെ സമീപിച്ചത്.

സുപ്രീംകോടതിക്ക് നേരെ കടന്നാക്രമണം നടത്തുന്നത് നീതികരിക്കാന്‍ കഴിയുന്ന നടപടിയല്ലെന്നും അത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും ജനം മനസിലാക്കട്ടെയെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. കോമേഡിയന്റെ ട്വീറ്റുകള്‍ മോശമായ രീതിയിലായിരുന്നു എന്ന് മാത്രമല്ല നര്‍മ്മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഭേദിക്കുകയും ചെയ്തു. സുപ്രീംകോടതിക്കും ജഡ്ജിമാര്‍ക്കും എതിരെ തെറ്റായ സൂചനകള്‍ നല്‍കുന്നതായിരുന്നു ട്വീറ്റുകള്‍. ഇന്ന് സുപ്രീംകോടതിക്കെതിരെ ഭയമില്ലാതെയും ലജ്ജയില്ലാതെയും വിമര്‍ശനം ഉന്നയിക്കുന്നവര്‍ അത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നാണ് കരുതുന്നതെന്നും കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com