വാട്‌സ്ആപ്പ് വഴി സൗഹൃദം, മുന്‍ കാമുകനൊന്നിച്ചുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണി; യുവതിയില്‍ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത് കാമുകി

മുന്‍ കാമുകന്റെ കാമുകി ഭീഷണിപ്പെടുത്തി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: മുന്‍ കാമുകന്റെ കാമുകി ഭീഷണിപ്പെടുത്തി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതി. മുന്‍ കാമുകനൊന്നിച്ചുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. കൂടുതല്‍ പണം ചോദിച്ചതോടെ, ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം യുവതി പൊലീസിന് പരാതി നല്‍കി.  മുന്‍ കാമുകനെയും അയാളുടെ ഇപ്പോഴത്തെ കാമുകിയെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ബംഗളൂരുവിലാണ് സംഭവം. 11 വര്‍ഷം മുന്‍പ് ബിസിനസുകാരനെ വിവാഹം ചെയ്ത യുവതിയാണ് തട്ടിപ്പിന് ഇരയായത്. കല്യാണത്തിന് മുന്‍പ് കോളജില്‍ പഠിക്കുന്ന സമയത്ത് മഹേഷ് എന്നയാളുമായി യുവതി പ്രണയത്തിലായിരുന്നു. കല്യാണം കഴിഞ്ഞതോടെ ബന്ധം അവസാനിച്ചു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വാട്‌സ്ആപ്പ് വഴി ബന്ധം പുതുക്കിയാണ് മഹേഷും ഇപ്പോഴത്തെ കാമുകിയും ചേര്‍ന്ന് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു.

മഹേഷിന്റെ കാമുകിയാണെന്ന് സ്വയം പരിചയപ്പെടുത്തി അനുശ്രീ എന്ന യുവതി വാട്‌സ്ആപ്പ് വഴി യുവതിയുമായി സൗഹൃദത്തിലായി. തുടര്‍ന്ന് യുവതിയോട് സ്വന്തം ചിത്രങ്ങള്‍ അയച്ചുതരാമോ എന്ന് ചോദിച്ചു. ഇതനുസരിച്ച് അയച്ചുകൊടുത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണ് ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചത്. മഹേഷ് ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും കൈവശമുണ്ട് എന്ന് പറഞ്ഞായിരുന്നു അനുശ്രീ ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചത്. സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അനുശ്രീ പണം ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിലായി 1.3 കോടി രൂപയാണ് യുവതി അനുശ്രീക്ക് കൈമാറിയത്. 

തുടര്‍ന്നും ഭീഷണി ആരംഭിച്ചതോടെ, യുവതി ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. അതിനിടെ യുവതിയുടെ ഭര്‍ത്താവ് കോടികള്‍ കൈമാറിയതായി കണ്ടെത്തി. തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം യുവതി ഇരുവര്‍ക്കുമെതിരെ പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com