പ്രധാന വകുപ്പുകള്‍ക്കായി പിടിമുറുക്കി ബിജെപി ; മൗനം തുടര്‍ന്ന് നിതീഷ് കുമാര്‍ ; ബിഹാറില്‍ ചര്‍ച്ചകള്‍ തുടരുന്നു

നിതീഷ് കുമാര്‍ ഇപ്പോഴും എന്‍ഡിഎയുടെ നേതാവാണെന്ന് ഗിരിരാജ് സിങ്
പ്രധാന വകുപ്പുകള്‍ക്കായി പിടിമുറുക്കി ബിജെപി ; മൗനം തുടര്‍ന്ന് നിതീഷ് കുമാര്‍ ; ബിഹാറില്‍ ചര്‍ച്ചകള്‍ തുടരുന്നു


പറ്റ്‌ന : ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട നീക്കങ്ങള്‍. ബിജെപി സംസ്ഥാന നേതാക്കള്‍ ജെഡിയു നേതൃത്വവുമായി ചര്‍ച്ച നടത്തി. അതേസമയം പ്രധാന വകുപ്പുകള്‍ക്കായി ബിജെപി പിടിമുറുക്കി.  ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ പാര്‍ട്ടിക്ക് ലഭിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളത്. 

എന്നാല്‍ ഇക്കാര്യത്തില്‍ നിതീഷ് കുമാറും ജെഡിയുവും നിലപാട് വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ മന്ത്രിസ്ഥാനങ്ങളും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെ നയിക്കുന്നതും, മുഖ്യമന്ത്രിയാകുകയും ചെയ്യുക നിതീഷ് കുമാറായിരിക്കുമെന്ന് ബിജെപി വ്യക്തമാക്കി. ദീപാവലിക്ക് ശേഷം നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് ജെഡിയു വക്താവ് കെ സി ത്യാഗിയും പറഞ്ഞു. 

ബിജെപി കൂട്ടുകെട്ട് ഉപേക്ഷിച്ച് നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമാകണമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിന്റെ പ്രസ്താവന ബിജെപി നേതാവ് ഗിരിരാജ് സിങ് തള്ളി. നിതീഷ് കുമാര്‍ ഇപ്പോഴും എന്‍ഡിഎയുടെ നേതാവാണെന്ന് ഗിരിരാജ് പറഞ്ഞു. 

വിജയമോ പരാജയമോ ഒന്നും നിതീഷിന്റെ മഹത്വത്തെ ബാധിക്കില്ല. തേജസ്വി യാദവ് എന്താണ് നേടിയത്. അയാള്‍ എപ്പോഴും നിതീഷ് കുമാറിനെ കുറ്റപ്പെടുത്തുകയായിരുന്നു. എന്നാല്‍ ബിഹാര്‍ ജനത തേജസ്വിയോട് വീട്ടില്‍ പോയി വിശ്രമിക്കാനാണ് ആവശ്യപ്പെട്ടത്. ദിഗ് വിജയ് സിങ് സ്വന്തം സംസ്ഥാനത്തെ കാര്യം അന്വേഷിക്കണമെന്നും ഗിരിരാജ് സിങ് ആവശ്യപ്പെട്ടു. 

ചെറിയ പാര്‍ട്ടിയോ വലിയ പാര്‍ട്ടിയോ എന്നു നോക്കിയല്ലെ, ജനം എന്‍ഡിഎയ്ക്കാണ് വോട്ടു ചെയ്തതെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി പറഞ്ഞു. എന്‍ഡിഎയുടെ വിജയത്തില്‍ ബിജെപിക്കും സഖ്യകക്ഷികളായ ജെഡിയു, വിഐപി, എച്ച്എഎം എന്നിവക്കെല്ലാം തുല്യപങ്കാളിത്തമുണ്ടെന്നും സുശീല്‍ മോഡി പറഞ്ഞു. 

ബിജെപി കൂട്ടുകെട്ട് ഉപേക്ഷിച്ച് നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമാകണം. ബിഹാര്‍ എന്ന ചെറിയ സംസ്ഥാനത്ത് വിട്ട് നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും, മതേതര പാര്‍ട്ടികളുടെ കൂട്ടായ്മയോടെ, വിഭജിച്ചു ഭരിക്കുന്ന ബിജെപിക്കെതിരെ അണിനിരക്കുന്ന കാര്യം ആലോചിക്കണമെന്നും ദിഗ് വിജയ് സിങ് നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com