ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം ; എന്‍ഡിഎ നേതൃയോഗം ഇന്ന്

ദീപാവലിക്ക് ശേഷം നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്നാണ് സൂചന
നിതീഷ് കുമാറും, ബിജെപി നേതാവ് സുശീൽ കുമാർ മോഡിയും
നിതീഷ് കുമാറും, ബിജെപി നേതാവ് സുശീൽ കുമാർ മോഡിയും

പറ്റ്‌ന : ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി. ഇതിന്റെ ഭാഗമായി എന്‍ഡിഎ നേതാക്കള്‍ ഇന്ന് യോഗം ചേരും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലാണ് യോഗം. എംഎല്‍എമാര്‍ക്കു പുറമേ, മുന്നണിയിലെ എല്ലാ പാര്‍ട്ടി അധ്യക്ഷന്മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

സര്‍ക്കാര്‍ രൂപീകരണം, പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ, വകുപ്പുകള്‍ തുടങ്ങിയവെയെല്ലാം നേതൃയോഗത്തില്‍ ചര്‍ച്ചയായേക്കും. ദീപാവലിക്ക് ശേഷം നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്നാണ് സൂചന. സഖ്യത്തിലെ വലിയ കക്ഷിയായ ബിജെപി ആഭ്യന്തരം, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കയ്യടക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ക്കുന്നതിലും ഇന്നത്തെ നേതൃയോഗം തീരുമാനമെടുക്കും. 16 ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുമെന്നാണ് വിവരം. അന്ന് തന്നെ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ രാജിവെക്കുകയും, ഗവര്‍ണറെ കണ്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദവും ഉന്നയിച്ചേക്കും. 

മുഖ്യമന്ത്രിയാകാന്‍ താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങള്‍ എന്‍ഡിഎയ്ക്കാണ് വോട്ടു ചെയ്തത്. അതുകൊണ്ട് എന്‍ഡിഎ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com