'വ്യോമാക്രമണത്തിന് അപ്പോള്‍ തന്നെ മറുപടി'; 'ക്യൂആര്‍എസ്എഎം' വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2020 08:24 PM  |  

Last Updated: 13th November 2020 08:24 PM  |   A+A-   |  

 

ഭുവനേശ്വര്‍: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ആകാശത്ത് നിന്നുള്ള ആക്രമണങ്ങളെ ദ്രുതഗതിയില്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള ക്യൂആര്‍എസ്എഎം വ്യോമ പ്രതിരോധ സംവിധാനമാണ് പരീക്ഷിച്ചത്. ക്വിക്ക് റിയാക്ഷന്‍ സര്‍ഫസ് ടു എയര്‍ മിസൈല്‍ എന്നാണ് ക്യൂആര്‍എസ്എഎമ്മിന്റെ പൂര്‍ണരൂപം.പരീക്ഷണം വിജയകരമായിരുന്നുവെന്ന് പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അറിയിച്ചു.

360 ഡിഗ്രി വരെ ചുറ്റളവിലുള്ള നിരീക്ഷണം സാധ്യമാക്കുന്ന രണ്ട് അത്യാധുനിക റഡാര്‍ സംവിധാനങ്ങളും മിസൈല്‍ തൊടുക്കാനുള്ള സാങ്കേതികവിദ്യയും അടങ്ങുന്നതാണ് ക്യൂആര്‍എസ്എഎം. ഒഡീഷ ബാലസോറിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലാണ് ഇത് വിജയകരമായി പരീക്ഷിച്ചത്. കവചിത വാഹനങ്ങള്‍ക്ക് നേരെയുള്ള വ്യോമാക്രമണങ്ങളെ തത്ക്ഷണം തന്നെ ചെറുക്കാന്‍ ശേഷിയുള്ളതാണ് പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം. 

കഴിഞ്ഞയാഴ്ച പരിഷ്‌കരിച്ച പിനാക റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചിരുന്നു. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത പിനാക റോക്കറ്റിന്റെ ദൂരപരിധി 90 കിലോമീറ്റര്‍ വരെയാണ്.