'ഒട്ടും അഭിരുചിയില്ല, അധ്യാപകന്റെ മതിപ്പ് നേടാന്‍ ശ്രമിക്കുന്ന അഭിനിവേശമില്ലാത്ത വിദ്യാര്‍ത്ഥി മാത്രം'- രാഹുലിനെ വിമര്‍ശിച്ച് ഒബാമ

'ഒട്ടും അഭിരുചിയില്ല, അധ്യാപകന്റെ മതിപ്പ് നേടാന്‍ ശ്രമിക്കുന്ന അഭിനിവേശമില്ലാത്ത വിദ്യാര്‍ത്ഥി മാത്രം'- രാഹുലിനെ വിമര്‍ശിച്ച് ഒബാമ
'ഒട്ടും അഭിരുചിയില്ല, അധ്യാപകന്റെ മതിപ്പ് നേടാന്‍ ശ്രമിക്കുന്ന അഭിനിവേശമില്ലാത്ത വിദ്യാര്‍ത്ഥി മാത്രം'- രാഹുലിനെ വിമര്‍ശിച്ച് ഒബാമ

വാഷിങ്ടന്‍:  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകള്‍. 'എ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകത്തിലാണ് രാഹുലിനെതിരെയുള്ള ഒബാമയുടെ പരാമര്‍ശങ്ങള്‍. രാഹുലിന് പുറമെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. 

'യാതൊരു പരിഭ്രമമോ ഒരു വിഷയത്തോട് കൂടുതല്‍ അഭിനിവേശമോ ഇല്ലാത്ത ആളാണ് രാഹുല്‍. പാഠ്യേതര കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കി അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വ്യക്തി. എന്നാല്‍ ആ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത ഒരു വിദ്യാര്‍ഥി'- ഒബാമ പുസ്തകത്തില്‍ പറയുന്നു.

നിര്‍വികാരനും സത്യസന്ധനുമായ വ്യക്തിയെന്നാണ് മന്‍മോഹന്‍ സിങിനെ ഒബാമ തന്റെ പുസ്തകത്തില്‍ വിശേഷിപ്പിച്ചത്. ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു മന്‍മോഹന്‍ സിങ്. രാഹുല്‍ ഗാന്ധി ആ സമയത്ത് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനും. 

2009 ഡിസംബറില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2015ല്‍ ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായിരുന്നു ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 'മന്‍ കി ബാത്തി'ലും പങ്കെടുത്തിട്ടുണ്ട്. 

ഒബാമയുടെ രാഷ്ട്രീയ- വ്യക്തി ജീവിതത്തെ കുറിച്ചാണ് പുസ്തകം പരാമര്‍ശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. മാന്യനും സത്യസന്ധനും വിശ്വസ്തനുമായ വ്യക്തിയാണ് ബൈഡനെന്നാണ് ഒബാമ വ്യക്തമാക്കിയിരിക്കുന്നത്. 

ഇവര്‍ക്കു പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, മുന്‍ ചൈനീസ് പ്രസിഡന്റ് ഹ്യു ജിന്റാവോ തുടങ്ങിയ ലോക നേതാക്കളെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com