'നിങ്ങള്‍ ശരിക്ക് മനസിലാക്കിയില്ല; വിരമിക്കും എന്നല്ല പറഞ്ഞത്'- അവസാന തെരഞ്ഞെടുപ്പെന്ന പ്രസ്താവനയില്‍ തിരുത്തുമായി നിതീഷ്

'നിങ്ങള്‍ ശരിക്ക് മനസിലാക്കിയില്ല; വിരമിക്കും എന്നല്ല പറഞ്ഞത്'- അവസാന തെരഞ്ഞെടുപ്പെന്ന പ്രസ്താവനയില്‍ തിരുത്തുമായി നിതീഷ്
'നിങ്ങള്‍ ശരിക്ക് മനസിലാക്കിയില്ല; വിരമിക്കും എന്നല്ല പറഞ്ഞത്'- അവസാന തെരഞ്ഞെടുപ്പെന്ന പ്രസ്താവനയില്‍ തിരുത്തുമായി നിതീഷ്

പട്‌ന: ഇത്തവണത്തേത് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണെന്ന പ്രസ്താവനയില്‍ നിന്ന് മലക്കംമറിഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൂര്‍ണിയ ജില്ലയില്‍ നടന്ന അവസാന തെരഞ്ഞെടുപ്പ് റാലിയിലാണ് നിതീഷ് 'അവസാനത്തെ തെരഞ്ഞെടുപ്പ്' എന്ന് പ്രസ്താവിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിദശീകരണവുമായി നിതീഷ് രംഗത്തെത്തി. 

താന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് നിതീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായാണ് നിതീഷ് മാധ്യമപ്രവര്‍ത്തരെ കണ്ടത്. ഈ സമയത്താണ് പ്രസ്താവനയെക്കുറിച്ച് നിതീഷ് വിശദീകരണം നല്‍കിയത്. 

'ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ശരിയായി മനസിലായില്ല. എല്ലാ തെരഞ്ഞെടുപ്പു കാലത്തും അവസാന റാലികളില്‍ ഞാനത് പറയാറുണ്ട്. അവസാനം നന്നായാല്‍ എല്ലാം നന്നായെന്ന്. അവസാന തെരഞ്ഞെടുപ്പ് എന്ന വാചകത്തിന് മുമ്പ് ഞാന്‍ എന്താണ് പറഞ്ഞതെന്നും അതിനുശേഷം ഞാന്‍ എന്താണ് പറഞ്ഞതെന്നും കേട്ടാല്‍ നിങ്ങള്‍ക്ക് സന്ദര്‍ഭം മനസിലാകും. നിങ്ങള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് തെറ്റിദ്ധരിക്കപ്പെടുമായിരുന്നില്ല.' - നിതീഷ് കുമാര്‍ പറഞ്ഞു. 

'ഞാന്‍ നിസ്വാര്‍ഥമായി ജനങ്ങളെ സേവിക്കുന്നു. എന്നിട്ടും ചില ആളുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതില്‍ വിജയിച്ചു. എക്സിറ്റ്പോള്‍ പ്രവചനങ്ങളെ തുടര്‍ന്ന് പൊതുജനങ്ങളുടെ മനസില്‍ രൂപപ്പെട്ട ആശങ്ക നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം'- നിതീഷ് വ്യക്തമാക്കി. 

ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന നിതീഷിന്റെ വാചകം വരാന്‍ പോകുന്ന പരാജയത്തെ മുന്‍കൂട്ടികണ്ടാണ് എന്നായിരുന്നു എതിരാളികളുടെ പ്രചാരണം. എന്നാല്‍ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായതോടെ അവസാന തെരഞ്ഞെടുപ്പ് എന്നതിലൂടെ അവസാന തെരഞ്ഞെടുപ്പ് റാലിയെന്നാണ് നിതീഷ് ഉദ്ദേശിച്ചതെന്നും വിരമിക്കലിനെ കുറിച്ചല്ല നിതീഷ് സംസാരിച്ചതെന്നും വ്യക്തമാക്കി ജെഡിയു നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ഭൂരിഭാഗം എക്സിറ്റ്പോളുകളും ആര്‍.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിന്റെ വിജയമാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ എന്‍ഡിഎ മൂന്ന് സിറ്റുകള്‍ അധികം നേടി അധികാരമുറപ്പിക്കുകായായിരുന്നു. 2005 മുതല്‍ ബിഹാര്‍ മുഖ്യമന്ത്രിയാണ് 69-കാരനായ നിതീഷ് കുമാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com