'ഒബാമയ്ക്ക് എന്തെങ്കിലും അറിയാമോ?' - രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന

'ഒബാമയ്ക്ക് എന്തെങ്കിലും അറിയാമോ?' - രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന
'ഒബാമയ്ക്ക് എന്തെങ്കിലും അറിയാമോ?' - രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന

മുംബൈ: രാഹുല്‍ ഗാന്ധിക്കെതിരായ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് മൗനം പാലിക്കുമ്പോള്‍ പിന്തുണയുമായി രംഗത്തെത്തി ശിവസേന. കോണ്‍ഗ്രസ് നേതാക്കള്‍ പോലും കാര്യമായി പ്രതിരോധിക്കാന്‍ മടിക്കുന്നതിനിടെയാണ് ശത്രുത മറന്ന് സമീപകാലത്ത് മാത്രം കോണ്‍ഗ്രസുമായി കൂട്ടുകൂടിയ ശിവസേന രാഹുലിനെ പിന്തുണച്ചത്. ഒബാമയുടെ പരാമര്‍ശം രാഷ്ട്രീയമായി മുതലെടുക്കുന്ന ബിജെപിയെയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ സേന വിമര്‍ശിച്ചു.

വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ക്ക് ഇന്ത്യന്‍ നേതാക്കളെ കുറിച്ച് അഭിപ്രായം പറയാന്‍ ഒരു അവകാശവുമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ട്രംപിന് ഭ്രാന്താണെന്ന് ഞങ്ങള്‍ പറയില്ല. ഒബാമയ്ക്ക് ഇന്ത്യയെപ്പറ്റിയും ഇന്ത്യന്‍ നേതാക്കളെപ്പറ്റിയും എന്തറിയാമെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.  

എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകളുടെ പുസ്തകത്തിലാണ് രാഹുലിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍. വിഷയമറിയാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍ എന്നായിരുന്നു ഒബാമയുടെ നിരീക്ഷണം. കാര്യങ്ങള്‍ പഠിക്കാന്‍ താത്പര്യമില്ലാത്ത നേതാവാണ് രാഹുലെന്നും ഒബാമ എഴുതി. പിന്നാലെ വിഷയം സജീവ ചര്‍ച്ചയാക്കിയ ബിജെപി കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരായ രാഷ്ട്രീയ ആയുധമാക്കി ഇതിനെ മാറ്റി. 

എങ്കിലും രാഹുലിനെ കാര്യമായി പ്രതിരോധിക്കാന്‍ ഇതുവരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും തയാറായില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലുള്‍പ്പടെ പാര്‍ട്ടിയില്‍ പുറത്തുവന്ന ഭിന്നിപ്പ് ഇനിയും അവസാനിച്ചിട്ടില്ല എന്നുതന്നെയാണ് മുതിര്‍ന്ന നേതാക്കളുടെ മൗനത്തിലൂടെ വ്യക്തമാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com