ഗിഫ്റ്റ് വൗച്ചര്‍ തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവതിയുടെ കോള്‍, ക്ഷേത്രത്തില്‍ കയറാന്‍ ആവശ്യം; 70 കാരന്റെ കാറും മൊബൈല്‍ ഫോണും തട്ടിയെടുത്തു 

മഹാരാഷ്ട്രയില്‍ ഗിഫ്റ്റ് വൗച്ചര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 70കാരനെ കബളിപ്പിച്ച് കാറും മൊബൈല്‍ ഫോണും തട്ടിയെടുത്തു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

പുനെ: മഹാരാഷ്ട്രയില്‍ ഗിഫ്റ്റ് വൗച്ചര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 70കാരനെ കബളിപ്പിച്ച് കാറും മൊബൈല്‍ ഫോണും തട്ടിയെടുത്തു. മൊബൈല്‍ കമ്പനി ജീവനക്കാരാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതി അടങ്ങുന്ന സംഘം വയോധികനെ കബളിപ്പിച്ചത്.

പുനെയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൊബൈല്‍ കമ്പനി ജീവനക്കാരിയാണ് എന്ന് പറഞ്ഞ് വിളിച്ച് ഒരു യുവതിയാണ് തട്ടിപ്പിന് തുടക്കമിട്ടതെന്ന് പരാതിയില്‍ പറയുന്നു.താങ്കളുടെ നമ്പര്‍ ഗിഫ്റ്റ് വൗച്ചറിന് തെരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞാണ് സ്ത്രീ വിളിച്ചത്. ഓഫീസില്‍ നേരിട്ട് വന്നോ മേല്‍വിലാസത്തില്‍ അയച്ചോ ഗിഫ്റ്റ് വൗച്ചര്‍ കൈപ്പറ്റാമെന്നും സ്ത്രീ വ്യക്തമാക്കി.

അതിനിടെ മറ്റൊരു എക്‌സിക്യൂട്ടീവ് ഫോണില്‍ വിളിച്ചു. ചാര്‍ഹോളി ഫാറ്റ എന്ന സ്ഥലത്ത് ഗിഫ്റ്റ് വൗച്ചര്‍ വാങ്ങാന്‍ ഉടന്‍ തന്നെ വരണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് 70കാരന്‍ തട്ടിപ്പ് സംഘം പറഞ്ഞ സ്ഥലത്തെത്തി.അവിടെ എത്തിയപ്പോള്‍ രണ്ടുപേരുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.

 തങ്ങളെ അനുഗമിക്കാന്‍ 70കാരനോട് സംഘം ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്് മുന്‍പിലെത്തിയപ്പോള്‍ സംഘം അകത്തുപോയി തിരിച്ചുവന്നു. തുടര്‍ന്ന് വയോധികനോട് അമ്പലത്തില്‍ ദര്‍ശനം നടത്തി തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. കാറിന്റെ കീ എടുക്കാതെ അമ്പലത്തില്‍ പ്രവേശിച്ചു. അതിനിടെ കാര്‍ തട്ടിയെടുത്ത് സംഘം കടന്നു കളഞ്ഞതായി പരാതിയില്‍ പറയുന്നു. കാറില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com