വിട വാങ്ങിയത് ഇന്ത്യന്‍ സിനിമയുടെ ജനകീയ മുഖം

1959 ല്‍ സത്യജിത് റേയുടെ ദി വേള്‍ഡ് ഓഫ് അപു (അപൂര്‍ സന്‍സാര്‍) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്
വിട വാങ്ങിയത് ഇന്ത്യന്‍ സിനിമയുടെ ജനകീയ മുഖം

കൊല്‍ക്കത്ത:  ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരമായിരുന്നു സൗമിത്ര ചാറ്റര്‍ജി. ബംഗാളി സിനിമയുടെ മുഖച്ഛായ തന്നെ ഇദ്ദേഹം മാറ്റിമറിച്ചു. സത്യജിത് റേയ്ക്കൊപ്പം മൂന്നു പതിറ്റാണ്ടു  പ്രവര്‍ത്തിച്ച സൗമിത്ര ചാറ്റര്‍ജി ബംഗാളി സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരനായിരുന്നു. അഭിനേതാവും കവിയും എഴുത്തുകാരനും നാടകക്കാരനും സംവിധായകനുമൊക്കെയായി ഇന്ത്യന്‍ സിനിമയുടെ കീര്‍ത്തി ലോകമെങ്ങും എത്തിച്ചാണ് സൗമിത്ര ചാറ്റര്‍ജി വിടവാങ്ങുന്നത്. 

എട്ടു പതിറ്റാണ്ടു നീളുന്ന സര്‍ഗാത്മക ജീവിതമാണ് അത്. കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയിലെ ബിരുദ പഠന കാലത്ത് നാടകം കളിച്ചു തുടങ്ങിയ യുവാവ് പിന്നീട ബംഗാളി തിരശീലയുടെ ജാതകം തിരുത്തിക്കുറിക്കുകയായിരുന്നു. ആകാശവാണിയിലെ കലാജീവിതത്തിനിടെ സത്യജിത്ത് റേയെ പരിചയപ്പെട്ടതായിരുന്നു വഴിത്തിരിവ്. പിന്നീട് മുപ്പതു വര്‍ഷങ്ങള്‍ ജീവിതവും അഭിനയവും റേയ്ക്കൊപ്പം. തന്റെ മുഖം ക്യാമറയ്ക്കു ചേര്‍ന്നതല്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന സൗമിത്ര ചാറ്റര്‍ജിയില്‍  അസാധാരണ പ്രതിഭയുള്ള അഭിനേതാവുണ്ടെന്ന് റേ തിരിച്ചറിഞ്ഞു. അങ്ങനെ ചാരുലത, അഭിജാന്‍, ആരണ്യേര്‍ ദിന്‍ രാത്രി തുടങ്ങി നിരവധി സത്യജിത്ത് റേ സിനിമകളില്‍ നായകനായി. 

1935 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച സൗമിത്ര 1959 ല്‍ സത്യജിത് റേയുടെ ദി വേള്‍ഡ് ഓഫ് അപു (അപൂര്‍ സന്‍സാര്‍) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.2004 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച സൗമിത്ര ചാറ്റര്‍ജിക്ക് ഇന്ത്യന്‍ സിനിമയ്ക്ക് ആജീവനാന്ത സംഭാവന കണക്കിലെടുത്ത് 2012 ല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്മാര്‍ക്ക് നല്‍കുന്ന പരമോന്നല്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ് സൗമിത്ര ചാറ്റര്‍ജി. ഒരു തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും രണ്ടു തവണ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.

തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും നാടക കലയെ അദ്ദേഹം കൈവിട്ടില്ല.പൂര്‍ണ്ണമായും രോഗശയ്യയില്‍ ആകും വരെ ഏതു കാലത്തും അദ്ദേഹം തിരശീലയിലെ നിറസാന്നിധ്യമായി. 1959 ല്‍ അഭിനയം തുടങ്ങിയതു മുതല്‍ 2017 വരെ എല്ലാ  വര്‍ഷവും അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ് ആയി. എങ്ങനെയാണിത് സാധ്യമാകുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ 'എനിക്കറിയില്ല. എനിക്ക് ശാരീരികമായി ക്ഷീണമുണ്ട്. പക്ഷെ അഭിനയിക്കുകയല്ലാതെ എനിക്കൊന്നും ചെയ്യാനില്ല. അഭിനയമാണ് എന്റെ ജോലിയും ജീവിതവും എന്നായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com