ചലച്ചിത്ര ഇതിഹാസം സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി ചലച്ചിത്ര പ്രതിഭ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു.
ചലച്ചിത്ര ഇതിഹാസം സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാളി ചലച്ചിത്ര പ്രതിഭ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസായിരുന്നു. കൊല്‍ക്കത്തയിലെ ബെല്‍ വ്യൂ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധ മൂലം ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.

സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ എന്ന ഖ്യാതിയുള്ള സൗമിത്ര ചാറ്റര്‍ജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്‌കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു. സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് (1959) സൗമിത്ര സിനിമയില്‍ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം. മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്‍, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടി

അപുര്‍ സന്‍സാര്‍, തീന്‍ കന്യ, അഭിജാന്‍, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേര്‍ ദിന്‍ രാത്രി, അശനിസങ്കേത്, സോനാര്‍ കെല്ല, ഗണശത്രു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാള്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന സൗമിത്ര തന്റെ നിലപാടുകളിലും കരുത്തനായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com