നിര്‍ത്താതെ പോയ വാഹനത്തിന്റെ ബോണറ്റിലേക്ക് ചാടിക്കയറി; പൊലീസുകാരനുമായി പിക്അപ്പ് വാന്‍ സഞ്ചരിച്ചത് 25കിലോമീറ്റര്‍

ഗുജറാത്തില്‍ നിര്‍ത്താതെ പോയ വാഹനം തടഞ്ഞുനിര്‍ത്തുന്നതിന് ബോണറ്റില്‍ ചാടി കയറിയ പൊലീസുകാരനെയും കൊണ്ട് പിക്അപ്പ് വാന്‍ കുതിച്ചത് 25 കിലോമീറ്റര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍ത്താതെ പോയ വാഹനം തടഞ്ഞുനിര്‍ത്തുന്നതിന് ബോണറ്റില്‍ ചാടി കയറിയ പൊലീസുകാരനെയും കൊണ്ട് പിക്അപ്പ് വാന്‍ കുതിച്ചത് 25 കിലോമീറ്റര്‍. യാത്രക്കിടെ, സഡന്‍ ബ്രേക്ക് ഇട്ടതിനെ തുടര്‍ന്ന് റോഡില്‍ വീണ പൊലീസുകാരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെയും പിക്അപ്പ് വാനില്‍ സഞ്ചരിച്ചിരുന്ന ഏഴ് യാത്രക്കാര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

സൂറത്തിലെ നവസാരി റെയില്‍വേ സ്റ്റേഷന് സമീപം ശനിയാഴ്ചയാണ് സംഭവം. വാഹന പരിശോധനയ്ക്ക് എത്തിയ കോണ്‍സ്റ്റബിള്‍ ഗണേശ് ചൗധരിക്കാണ് ദുരനുഭവം ഉണ്ടായത്. ആ വഴി കടന്നുവന്ന പിക്അപ്പ് വാന്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറോട് രേഖകള്‍ ആവശ്യപ്പെട്ടു. രേഖകള്‍ കാണിക്കുന്നതിന് പകരം വാഹനം ഓടിച്ച് കടന്നു കളയാനാണ് ഡ്രൈവര്‍ ശ്രമിച്ചത്. വാഹനത്തില്‍ ഏഴു യാത്രക്കാരും ഉണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വാഹനത്തിന്റെ ബോണറ്റില്‍ ചാടികയറിയ ഗണേശ് ചൗധരിയെയും കൊണ്ട് വാഹനം 25 കിലോമീറ്ററാണ് സഞ്ചരിച്ചതെന്ന് പൊലീസ് പറയുന്നു.

ബലേശ്വര്‍ ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇടുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ പൊലീസുകാരന്‍ റോഡില്‍ തെറിച്ചുവീണു. ഉടന്‍ തന്നെ വാഹനം ഓടിച്ച് ഡ്രൈവര്‍ പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞതായി കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com