പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു ; തെരുവില്‍ പ്രതിഷേധം ; തെരഞ്ഞെടുപ്പ് കാലത്ത് മറച്ചുവെച്ചെന്ന് രാഹുല്‍ഗാന്ധി

രണ്ടാഴ്ച മരണത്തോട് മല്ലടിച്ച പെണ്‍കുട്ടി തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചു
 പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു ; തെരുവില്‍ പ്രതിഷേധം ; തെരഞ്ഞെടുപ്പ് കാലത്ത് മറച്ചുവെച്ചെന്ന് രാഹുല്‍ഗാന്ധി

പറ്റ്‌ന : ബിഹാറില്‍ 20 വയസ്സുള്ള യുവതിയെ ജീവനോടെ കത്തിച്ചു കൊന്നു. ബിഹാറിലെ ദേസ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റസല്‍പൂര്‍ ഹബീബ് എന്ന സ്ഥലത്താണ് സംഭവം. കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്നും, ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മൃതദേഹവുമായി ജനം റോഡ് ഉപരോധിച്ചു. 

ഒക്ടോബര്‍ 30 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ ഗ്രാമവാസികളായ സതീഷ് കുമാര്‍ റായ്, വിജയ് റായ്, ചന്ദന്‍ കുമാര്‍ എന്നീ മൂന്നു യുവാക്കളാണ് കുറ്റവാളികള്‍. വീട്ടിലെ മാലിന്യം കളയാന്‍ പോയ പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെ ചെറുത്ത പെണ്‍കുട്ടിക്ക് നേരെ സതീഷ് പാന്റില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച് തീ വെക്കുകയായിരുന്നു. 

തീപടര്‍ന്നതോടെ ഓടിക്കൂടിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലാക്കിയത്. അതീവ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി പറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രണ്ടാഴ്ച മരണത്തോട് മല്ലടിച്ച പെണ്‍കുട്ടി തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചു. 

ഇതേത്തുടര്‍ന്നാണ് ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചു പോയിരുന്നു. അമ്മ തയ്യല്‍ജോലിയിലൂടെ നേടുന്ന വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്. പാവപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് അര്‍ഹമായ നീതി ലഭിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തി. രാഷ്ട്രീയ നേട്ടത്തിനായി പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ച സംഭവം നിതീഷ് കുമാര്‍ സര്‍ക്കാര്‍ മറച്ചു വെക്കുകയായിരുന്നു എന്ന് രാഹുല്‍ ആരോപിച്ചു. ഏതാണ് ഏറ്റവും ഹീനമായ കൃത്യം ?,  തെറ്റായ സദ്ഭരണത്തിന്റെ പ്രചാരണത്തിനായി ഈ ക്രൂരകൃത്യം മറച്ചതോ ? ഇതാണോ മികച്ച ഭരണം . രാഹുല്‍ഗാന്ധി ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com