'ഇ-വാക്‌സിന്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം' ഒരുങ്ങി, നാലു മാസത്തിനകം കോവിഡ് വാക്‌സിന്‍ വിതരണത്തിന്; പ്രതീക്ഷ പങ്കിട്ട് കേന്ദ്ര ആരോഗ്യമന്ത്രി 

അടുത്ത മൂന്ന്-നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ തയ്യാറാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അടുത്ത മൂന്ന്-നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ തയ്യാറാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. 135 കോടി ഇന്ത്യക്കാര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കുന്നതിന് ശാസ്ത്രീയ സംവിധാനങ്ങള്‍ അവലംബിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള കോവിഡ് പോരാളികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ സ്വാഭാവികമായ മുന്‍ഗണന നല്‍കും. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ വിശദമായ ആസൂത്രണം നടത്തി വരികയാണ്. ഇതിനായി ഒരു ഇ-വാക്‌സിന്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. 2021 നമുക്കെല്ലാവര്‍ക്കും മികച്ച വര്‍ഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം ജൂലായ്-ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ 25-30 കോടി ജനങ്ങള്‍ക്ക് 40-50 കോടി വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള കോവിഡ് പോരാളികള്‍ക്ക് ശേഷം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന. പിന്നീട് 50-65 വയസ്സിന് ഇടയില്‍ പ്രായമുള്ളവര്‍ക്കും 50 വയസ്സില്‍ താഴെ പ്രായമുള്ള മറ്റു രോഗങ്ങളാല്‍ ബുദ്ധമുട്ടുന്നവര്‍ക്കും മുന്‍ഗണന നല്‍കും. വിദഗ്ധ അഭിപ്രായപ്രകാരം ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2021 മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ ആസൂത്രണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com