അന്ന് വൈദ്യ ശാസ്ത്രത്തെ അമ്പരപ്പിച്ചവന്‍; ഇന്ന് അതേ വഴിയിലൂടെ സഞ്ചരിച്ച് രോഗികളെ ചികിത്സിക്കാനൊരുങ്ങുന്നു; വിസ്മയിപ്പിക്കുന്ന ജീവിതം

അന്ന് വൈദ്യ ശാസ്ത്രത്തെ അമ്പരപ്പിച്ചവന്‍; ഇന്ന് അതേ വഴിയിലൂടെ സഞ്ചരിച്ച് രോഗികളെ ചികിത്സിക്കാനൊരുങ്ങുന്നു; വിസ്മയിപ്പിക്കുന്ന ജീവിതം
അന്ന് വൈദ്യ ശാസ്ത്രത്തെ അമ്പരപ്പിച്ചവന്‍; ഇന്ന് അതേ വഴിയിലൂടെ സഞ്ചരിച്ച് രോഗികളെ ചികിത്സിക്കാനൊരുങ്ങുന്നു; വിസ്മയിപ്പിക്കുന്ന ജീവിതം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി കരള്‍ മാറ്റത്തിന് വിധേയനായ കുട്ടിയെന്ന വിശേഷണത്തിന് അര്‍ഹനായ സഞ്ജയ് കന്തസാമി ഇനി രോഗികളെ പരിശോധിക്കും. ജനിച്ച് 20ാം മാസത്തില്‍ കരള്‍ മാറ്റി വയ്‌ക്കേണ്ടി വന്ന സഞ്ജയ് വൈദ്യശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ചാണ് ജീവിതത്തെ തിരികെ പിടിച്ചത്.

ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ കാത്തിരിക്കുകയാണ് ഏപ്രില്‍ മാസത്തിനായി. സഞ്ജയ് കന്തസാമി പ്രതിജ്ഞ ചൊല്ലി ഡോക്ടറുടെ സേവന പാതയിലേക്കിറങ്ങി ജീവിതത്തിലെ പുതിയ യാത്രക്ക് തുടക്കം കുറിക്കുന്ന് ഏപ്രില്‍ മാസത്തിലാണ്. 

ജനിച്ച് ഒരു വര്‍ഷവും എട്ട് മാസവും ആയപ്പോഴാണ് സഞ്ജയ് ശസ്ത്രക്രിയക്ക് വിധേയനായി കരള്‍ മാറ്റി വച്ചത്. 1998ലായിരുന്നു ശസ്ത്രക്രിയ. ആ കുട്ടി ഇന്ന് തന്റെ 23ാം വയസിലെത്തി നില്‍ക്കുമ്പോള്‍ ഡോക്ടറായി സേവനം ചെയ്യാന്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം സ്വദേശിയാണ് സഞ്ജയ് കന്തസാമി. പിതാവിന്റെ കരളിന്റെ 20 ശതമാനം എടുത്താണ് അന്ന് സഞ്ജയിലേക്ക് മാറ്റി വച്ചത്. 

'ഡോക്ടറാകുക എന്നത് എന്റെ ചെറുപ്പത്തിലേയുള്ള ആഗ്രഹമാണ്. കാരണം ഞാനിന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം ഡോക്ടര്‍മാരാണ്. ഈ മാന്യമായ തൊഴിലിലൂടെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ആദ്യം എനിക്ക് സര്‍ജനാകാനായിരുന്നു ആഗ്രഹം. എന്നാല്‍ പഠനം തുടങ്ങിയതിന് ശേഷം പീഡിയാട്രിക്‌സിനോട് ഇഷ്ടം തോന്നി. പിന്നീട് അതില്‍ തന്നെ നവജാത ശിശുക്കളില്‍ സ്പ്ഷ്യലൈസ് ചെയ്യാനും തീരുമാനിക്കുകയായിരുന്നു'- സഞ്ജയ് പറയുന്നു. 

നവജാത ശിശുക്കള്‍ക്കിടയില്‍ കരള്‍ തകരാറിലേയ്ക്ക് നയിക്കുന്ന ബിലിയറി അട്രേഷ്യ എന്ന അപൂര്‍വ രോഗാവുമായാണ് കന്തസാമി ജനിച്ചത്. കരളില്‍ നിന്ന് പിത്ത സഞ്ചിയിലേക്ക് പിത്ത രസം വഹിക്കുന്ന നാളങ്ങള്‍ക്കുള്ള തടസത്തെ തുടര്‍ന്ന് കരള്‍ നശിക്കുമെന്നതാണ് ഇതിന്റെ ഫലം. ഇതിനെ തുടര്‍ന്നാണ് ജനിച്ച് അധികം താമസിയാതെ തന്നെ സഞ്ജയ്ക്ക് കരള്‍ മാറ്റി വച്ചത്. 

ഇന്ത്യയില്‍ ആദ്യമായി കരള്‍ മാറ്റി വയ്ക്കലിന് വിധേയനായ കുഞ്ഞാണ് സഞ്ജയ്. ശസ്ത്രക്രിയ വിധേയനായിട്ട് 22 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കരള്‍ മാറ്റിവച്ചാല്‍ ദീര്‍ഘ കാലം സുഖമായി ജീവിക്കാം എന്നതിന്റെ തെളിവ് കൂടിയാണ് സഞ്ജയ് എന്ന് അന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. അനുപം സിബല്‍ വ്യക്തമാക്കി. തന്റെ ഏറ്റവും പ്രായം കുറഞ്ഞ രോഗികളില്‍ ഒരാള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഡോക്ടറായി എന്നത് തന്റെ 28 വര്‍ഷത്തെ ഡോക്ടര്‍ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സിബല്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com