എന്തുകൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല?; കോവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നെന്ന് ചൂണ്ടിക്കാണിച്ച് ഡല്‍ഹി സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ പിടിഐ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ പിടിഐ


ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നെന്ന് ചൂണ്ടിക്കാണിച്ച് ഡല്‍ഹി സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ പതിനെട്ട് ദിവസത്തിനുള്ളില്‍ കോവിഡ് മരണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കാത്തത് എന്തെന്ന് ഹൈക്കോടതി ചോദിച്ചു. ഭൂതക്കണ്ണാടി ഉപയോഗിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. കോവിഡ് ടെസ്റ്റ് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ രാകേഷ് മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിമര്‍ശനം. 

വിവാഹങ്ങളിലും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണം അമ്പതായി ചുരുക്കാന്‍ കോടതി ഇടപെടുന്നതുവരെ എന്തിന് കാത്തിരിക്കണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. 

ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആമ ഇഴയുന്നതുപോലെ മന്ദഗതിയില്‍ ആണെന്നും രോഗവ്യാപനം വര്‍ദ്ധിക്കുകയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടതി നിരീക്ഷിച്ചു. സ്ഥിതി വഷളാകുന്നത് കണ്ടിട്ടും നിങ്ങള്‍ എന്തുകൊണ്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്നും കോടതി ചോദിച്ചു. 

'നവംബര്‍ ഒന്നുമുതല്‍ 11വരെയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? തീരുമാനമെടുക്കാന്‍ പതിനെട്ട് ദിവസം കാത്തിരുന്നത് എന്തിനാണ്? ഈ സമയത്തിനുള്ളില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് അറിയുമോ?'-കോടതി ചോദിച്ചു. 

കോവിഡ് നിയമലംഘനങ്ങള്‍ക്ക് ആദ്യം 500 രൂപ പിഴയും പിന്നീട് ആവര്‍ത്തിക്കുകയാണെങ്കില്‍ ആയിരം രൂപ പിഴയും ഈടാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 

ചില ജില്ലകള്‍ കോവിഡ് നിരീക്ഷണത്തിലും പിഴ ഈടാക്കുന്നതിലും വലിയ വീഴ്ച വരുത്തുന്നായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും കോടതി വ്യക്തമാക്കി. 

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ന്യൂയോര്‍ക്കിനെയും സാവോ പോളോയെയും ഡല്‍ഹി മറികടന്നെന്നും സ്ഥിതിഗതികള്‍ ഭൂതക്കണ്ണാടി ഉപയോഗിച്ച് നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com