മാധ്യമ പ്രവര്‍ത്തനം മറ മാത്രം, സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് സെക്രട്ടറിയെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മാധ്യമ പ്രവര്‍ത്തനം മറ മാത്രം, സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് സെക്രട്ടറിയെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ 
മാധ്യമ പ്രവര്‍ത്തനം മറ മാത്രം, സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് സെക്രട്ടറിയെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫിസ് സെക്രട്ടറി ആണെന്നും മാധ്യമ പ്രവര്‍ത്തനം ഒരു മറ മാത്രമാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജാതി സംഘര്‍ഷവും ക്രമസമാധാന പ്രശ്‌നവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാപ്പന്‍ ഹാഥ്‌രസിലേക്കു പോയതെന്ന് യുപി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. 

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അവരുടെ വിദ്യാര്‍ഥി വിഭാഗം നേതാക്കളുമാണ് സിദ്ദിഖ് കാപ്പനൊപ്പം ഉണ്ടായിരുന്നത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഹാഥ്‌രസില്‍ ജാതി സംഘര്‍ഷവും ക്രമസമാധാന പ്രശ്‌നവും ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 2018ല്‍ അടച്ചുപോയ തേജസ് പത്രത്തിന്റെ ഐഡി കാര്‍ഡാണ് കാപ്പന്‍ ഉപയോഗിച്ചിരുന്നതെന്നും യുപി സര്‍ക്കാര്‍ പറയുന്നു.

കാപ്പന്റെ അറസ്റ്റിനെക്കുറിച്ച് സഹോദരനെയും ഭാര്യയുടെ ബന്ധുവിനെയും അറിയിച്ചിട്ടുണ്ട്. ഇതുവരെ ആരും കാപ്പനെ കാണാനായി ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. വക്കാലത്ത് ഒപ്പിടീക്കുന്നതിന് അഭിഭാഷകരും എത്തിയില്ലെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മൂന്നു  തവണ കാപ്പന്‍ കുടുംബവുമായി ബന്ധപ്പെട്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.

സിദ്ദിഖ് കാപ്പനെ അന്യായമായാണ് അറസ്റ്റ് ചെയ്തതെന്നു കാണിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലം. കാപ്പനെ കാണുന്നതിനായി മജിസ്‌ട്രേറ്റിനെ സമീപിച്ചപ്പോള്‍ ജയില്‍ അധികൃതരെ സമീപിക്കാനും ജയില്‍ അധികൃതര്‍ തിരിച്ചുമാണ് പറഞ്ഞതെന്ന് യൂണിയനു വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. 

കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ യൂണിയന് കോടതി സമയം അനുവദിച്ചു. കേസ് അടുത്തയാഴ്ച പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com