'അഴഗിരിയേയും പാര്‍ട്ടിയില്‍ എത്തിക്കും'- അമിത് ഷാ എത്തുന്നതിന് മുന്‍പായി മുന്‍ ഡിഎംകെ എംപി രാമലിംഗം ബിജെപിയില്‍

'അഴഗിരിയേയും പാര്‍ട്ടിയില്‍ എത്തിക്കും'- അമിത് ഷാ എത്തുന്നതിന് മുന്‍പായി മുന്‍ ഡിഎംകെ എംപി രാമലിംഗം ബിജെപിയില്‍
'അഴഗിരിയേയും പാര്‍ട്ടിയില്‍ എത്തിക്കും'- അമിത് ഷാ എത്തുന്നതിന് മുന്‍പായി മുന്‍ ഡിഎംകെ എംപി രാമലിംഗം ബിജെപിയില്‍

ചെന്നൈ: മുന്‍ എംപിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവുമായ കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു. രാമലിംഗത്തെ ഡിഎംകെയില്‍ നിന്ന് എംകെ സ്റ്റാലിന്‍ ഈ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ എംപി ബിജെപി പാളയത്തിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തമിഴ്‌നാട് സന്ദര്‍ശനത്തിനായി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രാമലിംഗത്തിന്റെ ബിജെപി പ്രവേശം. 

എംകെ അഴഗിരിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന നേതാവാണ് രാമലിംഗം. അഴഗിരിയെ കൂടി ബിജെപിയിലെത്തിക്കാന്‍ താന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പാര്‍ട്ടിയുടെ സംസ്ഥാന ചുമതല വഹിക്കുന്ന സിടി രവി, സംസ്ഥാന പ്രസിഡന്റ് എല്‍ മുരുഗന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് രാമലിംഗത്തിന് അംഗത്വം നല്‍കി. മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, എച് രാജ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അച്ചടക്ക നടപടികളുടെ ഭാഗമായി രാമലിംഗത്തെ ഡിഎംകെയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കോവിഡ് സംബന്ധിച്ച് എംകെ സ്റ്റാലിന്‍ നടത്തിയ അഭിപ്രായത്തെ വിമര്‍ശിച്ച് രാമലിംഗം പരസ്യ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് നടപടി നേരിടേണ്ടി വന്നത്. 

സ്റ്റാലിന്റെ സഹോദരന്‍ കൂടിയായ എംകെ അഴഗിരിയെ താന്‍ ബിജെപിയുടെ ഭാഗമാകാന്‍ ക്ഷണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എനിക്ക് എംകെ അഴഗിരിയുമായി അടുത്ത ബന്ധമാണുള്ളത്. അഴഗിരി എനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹത്തെ ബിജെപിയില്‍ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കും- രാമലിംഗം വ്യക്തമാക്കി. 

ബിജെപിയുടെ സംസ്ഥാനത്തെ വളര്‍ച്ചയ്ക്കാടി കഠിനമായി അധ്വാനിക്കും. ഞാന്‍ 30 വര്‍ഷം മുന്‍പ് ഡിഎംകെയില്‍ ചേരുമ്പോള്‍ ആ പാര്‍ട്ടി വലിയ തിരിച്ചടികള്‍ നേരിട്ടിരുന്ന സമയമായിരുന്നു. പിന്നീട് ഡിഎംകെയുടെ വളര്‍ച്ചയ്ക്കായി കഠിനാധ്വാനം ചെയ്ത ഒരു പ്രവര്‍ത്തകന്‍ കൂടിയാണ് ഞാന്‍- രാമലിംഗം കൂട്ടിച്ചേര്‍ത്തു. 

1996ല്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാമലിംഗം 2010ല്‍ രാജ്യസഭയില്‍ ഡിഎംകെ അംഗമായിരുന്നു. എഐഎഡിഎംകെയില്‍ നിന്നാണ് രാമലിംഗം ഡിഎംകെയില്‍ എത്തിയത്. 1980, 84 വര്‍ഷങ്ങളില്‍ എഐഎഡിഎംകെ എംഎല്‍എ കൂടിയായിരുന്നു രാമലിംഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com