കോവിഡിനെയും മലേറിയയെയും ഡെങ്കിപ്പനിയെയും അതിജീവിച്ചു; പിന്നാലെ മൂര്‍ഖന്‍ പാമ്പ് കടിച്ചു, ജീവകാരുണ്യ പ്രവര്‍ത്തകന്റെ അതിജീവന കഥ

രാജസ്ഥാനില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബ്രിട്ടീഷ് സ്വദേശിയെ ഡിസ്ചാര്‍ജ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  കോവിഡ് ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ ഒന്നിന് പിറകേ ഒന്നായി വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച ബ്രിട്ടീഷ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട്‌ വീണ്ടും ജീവിതത്തിലേക്ക്. രാജസ്ഥാനില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബ്രിട്ടീഷ് സ്വദേശിയെ ഡിസ്ചാര്‍ജ് ചെയ്തു.

ജീവകാരുണ്യ പ്രവര്‍ത്തകനായ ഇയാന്‍ ജോണസിനെ കോവിഡിന് പുറമേ ഡെങ്കിപ്പനി, മലേറിയ എന്നി രോഗങ്ങളാണ് പിടികൂടിയത്. ഒന്നിന് പിറകേ ഒന്നായി മാരക രോഗങ്ങള്‍ വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച ഇയാന്‍ ജോണ്‍സിന് രാജസ്ഥാനിലെ ജോദ്പൂരില്‍ വച്ചാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച ഇയാന്‍ ജോണ്‍സ് സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു.

'കഴിഞ്ഞയാഴ്ചയാണ് ഇയാന്‍ ജോണ്‍സണ്‍ ചികിത്സ തേടി എത്തിയത്. തുടക്കത്തില്‍ ഇയാള്‍ കോവിഡ് ബാധിതന്‍ കൂടിയാണ് എന്ന് സംശയിച്ചിരുന്നു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവാണ്. കാഴ്ച മങ്ങുന്നത് ഉള്‍പ്പെടെ മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഉള്ള ലക്ഷണങ്ങളുമായാണ് ബ്രിട്ടീഷ് സ്വദേശി ചികിത്സ തേടി എത്തിയത്'-  മെഡിപള്‍സ് ആശുപത്രി ഡോക്ടര്‍ അഭിഷേക് ടാറ്റര്‍ പറയുന്നു.

'ഞങ്ങളുടെ അടുത്ത് എത്തുമ്പോള്‍ ഇയാന്‍ ജോണ്‍സിന് ബോധം ഉണ്ടായിരുന്നു. പാമ്പ് കടിച്ചാല്‍ ഉള്ള കാഴ്ച മങ്ങുന്നത് ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. ജോണ്‍സ് അസുഖം ഭേദമായി ഈയാഴ്ച ഡിസ്ചാര്‍ജ് ആയി. ആഴ്ചകള്‍ക്കകം രോഗി പൂര്‍ണ ആരോഗ്യവാനാകും' - ഡോക്ടര്‍ പറയുന്നു.

'അച്ഛന്‍ ഒരു പോരാളിയാണ്. ഇന്ത്യയില്‍ വച്ച് കോവിഡ്, മലേറിയ, ഡെങ്കിപ്പനി എന്നി രോഗങ്ങളെ അതിജീവിച്ച അദ്ദേഹം പാമ്പുകടിയില്‍ നിന്നും അത്ഭുതരമായി രക്ഷപ്പെട്ടു'- മകന്‍ സെബ് ജോണ്‍സ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com