ആംബുലന്‍സ് എത്താന്‍ വൈകി, ഏഴുമാസം ഗര്‍ഭിണിയായ യുവതി ചോര വാര്‍ന്ന് മരിച്ചു; സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞും 'യാത്രയായി'

ആംബുലന്‍സ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് ഏഴുമാസം ഗര്‍ഭിണിയായ യുവതി ചോര വാര്‍ന്ന് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ:  ആംബുലന്‍സ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് ഏഴുമാസം ഗര്‍ഭിണിയായ യുവതി ചോര വാര്‍ന്ന് മരിച്ചു. സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞിനെയും രക്ഷിക്കാന്‍ സാധിച്ചില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. 

ദിവസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മനീഷ ദോര്‍ എന്ന യുവതിയും കുഞ്ഞുമാണ് മരിച്ചത്.  വീട്ടില്‍ വച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ആംബുലന്‍സ് വിളിച്ചെങ്കിലും വരാന്‍ വൈകി എന്നാണ് പരാതി. തുടര്‍ന്ന് നാട്ടുകാര്‍ തോളിലേറ്റി അടുത്തുള്ള പ്രധാന റോഡുവരെ കൊണ്ടുപോകുകയായിരുന്നു. ഇവിടെ എത്തിയ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഭാര കുറവും കുറഞ്ഞ രക്ത സമ്മര്‍ദ്ദവും യുവതിയെ അലട്ടിയിരുന്നതായി അധികൃതര്‍ വിശദീകരിക്കുന്നു. ആംബുലന്‍സ് വരാന്‍ വൈകി എന്ന ആരോപണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്നതാണ്. മറ്റൊരു ആംബുലന്‍സ് തകരാറുകളെ തുടര്‍ന്ന് ഓടിച്ചിരുന്നില്ല. രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. അപ്പോഴേക്കും 25കാരിയുടെ ആരോഗ്യനില വഷളായി. ഉടന്‍ തന്നെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനിടെ ചോര വാര്‍ന്നതായി ബന്ധുക്കള്‍ പറയുന്നു.

നവംബര്‍ 18ന് യുവതിയെ സിസേറിയന് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല. പിറ്റേ ദിവസം അമ്മയും മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com