നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ പത്തുവര്‍ഷം തടവും 25,000രൂപ പിഴയും; 'ലവ് ജിഹാദ്' ഓര്‍ഡിനന്‍സുമായി യുപി സര്‍ക്കാര്‍

ലവ് ജിഹാദ് തടയാനെന്ന പേരില്‍ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ പത്തുവര്‍ഷം തടവും 25,000രൂപ പിഴയും; 'ലവ് ജിഹാദ്' ഓര്‍ഡിനന്‍സുമായി യുപി സര്‍ക്കാര്‍

ലക്‌നൗ: ലവ് ജിഹാദ് തടയാനെന്ന പേരില്‍ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സ് അംഗീകാരം നല്‍കിയത്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ് ഓര്‍ഡിനന്‍സ്. 

പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി,പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 25,000രൂപ പിഴയും ലഭിക്കും. 

മതം മാറി വിവാഹം കഴിക്കുന്നതിന് മുന്‍പ് രണ്ട് മാസം മുന്‍പ് അധികൃതരെ അറിയിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തത്തിന് ഇരയായ ആള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നും ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് പറഞ്ഞു. 

മത വിശ്വാസം നോക്കാതെ ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കുകയെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭാഗമെന്ന് അലഹാബാദ് ഹൈക്കോടതി ഇന്ന് രാവിലെ  ഉത്തരവിറക്കിയിരുന്നു വിവാഹത്തിനു വേണ്ടി മാത്രമുള്ള മതം മാറ്റം അസ്വീകാര്യമാണെന്ന മുന്‍ വിധി തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

''സമാധാനപരമായി ഒന്നിച്ചു ജീവിക്കാന്‍ രണ്ടു വ്യക്തികള്‍ക്ക്, ഒരേ ലിംഗത്തില്‍ പെട്ടവര്‍ ആണെങ്കില്‍ക്കൂടി, നിയമം അനുമതി നല്‍കുന്നുണ്ട്. അതില്‍ ഇടപെടാന്‍ മറ്റു വ്യക്തികള്‍ക്കോ കുടുംബത്തിനോ ഭരണകൂടത്തിനു തന്നെയോ അവകാശമില്ല. സ്വന്തം ഇച്ഛയോടു കൂടി രണ്ടു സ്വതന്ത്ര വ്യക്തികള്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതില്‍ ഇടപെടുന്നതിന് ഒരു കാരണവും കാണുന്നില്ല'' ജസ്റ്റിസുമാരായ പങ്കജ് നഖ്വി, വിവേക് അഗര്‍വാള്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. മതംമാറ്റ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിശ്ര വിവാഹം കഴിച്ച സലാമത് അന്‍സാരി, പ്രിയങ്ക ഖാര്‍വാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ യുവാവിനെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചും പോക്‌സോ നിയമപ്രകാരവും പൊലീസ് കേസെടുത്തിരുന്നു.

തങ്ങള്‍ക്കു പ്രായപൂര്‍ത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ പറഞ്ഞു. 2019 ഓഗസ്റ്റില്‍ പ്രിയങ്ക ഇസ്ലാം സ്വീകരിച്ചെന്നും തുടര്‍ന്ന് നിക്കാഹ് നടത്തിയെന്നുമാണ് ഹര്‍ജിയിലുള്ളത്.

വിവാഹത്തിനു വേണ്ടി മാത്രമുള്ള മതംമാറ്റം അംഗീകരിക്കാനാവില്ലെന്ന് നേരത്തെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടിരുന്നു. ''പ്രിയങ്ക ഖാര്‍വാറിനെയും സലാമത്തിനെയും ഹിന്ദുവും മുസല്‍മാനും ആയല്ല, പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികളാണ് കോടതി കാണുന്നത്. അവര്‍ ഒരു വര്‍ഷത്തിലേറെയായി സന്തോഷത്തോടെ ജീവിച്ചുവരുന്നു. അതില്‍ ഇടപെടുകയെന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള ഗുരുതരമായ കടന്നുകയറ്റമാണ്'' മുന്‍ ഉത്തരവ് തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com