നവംബറില്‍ 3000ലധികം കല്യാണങ്ങള്‍, ജയ്പൂരില്‍ കോവിഡ് വ്യാപന ഭീതി; മാനദണ്ഡം ലംഘിക്കുന്നവര്‍ക്ക് 25,000 രൂപ പിഴ 

 കോവിഡ് വ്യാപനത്തിനിടെ, രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നവംബറില്‍ നടക്കാന്‍ പോകുന്നത് 3000 കല്യാണങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍:  കോവിഡ് വ്യാപനത്തിനിടെ, രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നവംബറില്‍ നടക്കാന്‍ പോകുന്നത് 3000 കല്യാണങ്ങള്‍. വിവാഹം മൂലം കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമോ എന്ന ഭീതിയിലാണ് അധികൃതര്‍.

നവംബറില്‍ കല്യാണം നടത്തുന്നതിന് 3000 അപേക്ഷകള്‍ ലഭിച്ചതായി അഢീഷണല്‍ ഡിസ്ട്രിക്ട് കലക്ടര്‍ ശങ്കര്‍ലാല്‍ സെയ്‌നി അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും വിശേഷ ദിവസമായ ഏകാദശിയിലാണ് നടക്കുന്നത്.  ഓരോ കല്യാണത്തിലും പങ്കെടുക്കാന്‍ നൂറ് പേര്‍ക്ക് വീതമാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇത് ലംഘിക്കുന്നവരില്‍ നിന്ന് 25000 രൂപ പിഴയായി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.അടുത്തിടെ രാജസ്ഥാനില്‍ കോവിഡ് വ്യാപനം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് ശങ്കര്‍ലാല്‍ സെയ്‌നി പറഞ്ഞു. 

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജനങ്ങളോട് തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചുവരികയാണ്. പൊലീസ് ഉള്‍പ്പെടെ വിവിധ സംവിധാനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സജീവമായി രംഗത്തുണ്ട്. അടുത്തിടെ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ, രാജസ്ഥാനില്‍ എട്ടുജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വരും ദിവസങ്ങളിലും ജയ്പൂരില്‍ മാത്രം കല്യാണ പരിപാടികളുടെ എണ്ണം 4000 ആയി വര്‍ധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com