കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

കോവിഡ് ചികിത്സയില്‍ തുടരുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം
കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കോവിഡ് ചികിത്സയില്‍ തുടരുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അഹമ്മദ് പട്ടേല്‍ വിട വാങ്ങിയത്. മകന്‍ ഫൈസല്‍ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്. 

ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 15ന് മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ചികിത്സക്കിടെ,  അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. എഐസിസി ട്രഷറായ അഹമ്മദ് പട്ടേല്‍ രാജ്യസഭാംഗമാണ്.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്ത് വര്‍ഷവും പാര്‍ട്ടിയുടേയും സര്‍ക്കാരിലേയും നിര്‍ണായക അധികാര കേന്ദ്രമായിരുന്നു അഹമ്മദ് പട്ടേല്‍. ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ല്‍ പാര്‍ട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു. 

ഗുജറാത്തില്‍ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേല്‍ പാര്‍ലമെന്റില്‍ എത്തിയത്. മൂന്ന് തവണ ലോക്‌സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തില്‍ നിന്നും ലോക്‌സഭയില്‍ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്. 

ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ നിന്നും 1976-ലാണ് കൗണ്‍സിലറായി അഹമ്മദ് പട്ടേല്‍ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. ഗാന്ധി - നെഹ്‌റു കുടുംബവുമായുള്ള ബന്ധത്തിന്റെ പുറത്ത് പില്‍ക്കാലത്ത് അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ഉയര്‍ന്നു വരികയായിരുന്നു. 1987-ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുന്‍പ് 1985-ല്‍ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാര്‍ലമെന്റെ സെക്രട്ടറിയായി നിയമിതനായിരുന്നു. 

2004-ല്‍ യുപിഎ അധികാരത്തില്‍ എത്തിയപ്പോള്‍ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സര്‍ക്കാരിന്റേയും മുന്നണിയുടേയും നടത്തിപ്പില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായിരുന്നുവെങ്കിലും  ഒരു സര്‍ക്കാരിലും അദ്ദേഹം കേന്ദ്രമന്ത്രിയായില്ല എന്നത് ഒരു കൗതുകമായി ബാക്കി നില്‍ക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com