എന്‍ഡിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലാലു ശ്രമിക്കുന്നു ; എംഎല്‍എമാരെ ചാക്കിടാന്‍ നീക്കമെന്ന് സുശീല്‍ കുമാര്‍ മോഡി

എംഎല്‍എമാരെ വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ ലാലു ഫോണെടുത്തു
എന്‍ഡിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലാലു ശ്രമിക്കുന്നു ; എംഎല്‍എമാരെ ചാക്കിടാന്‍ നീക്കമെന്ന് സുശീല്‍ കുമാര്‍ മോഡി

പറ്റ്‌ന : ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജയിലിലിരുന്ന് ലാലുപ്രസാദ് യാദവ് ചരടുവലിക്കുന്നുവെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി. എന്‍ഡിഎ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനാണ് ലാലു ശ്രമിക്കുന്നത്. മന്ത്രിപദം അടക്കം വാഗ്ദാനം ചെയ്താണ് എംഎല്‍എമാരെ വശത്താക്കാന്‍ ലാലു ശ്രമിക്കുന്നതെന്നും സുശീല്‍ കുമാര്‍ മോഡി ആരോപിച്ചു. 

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയായ സുശീല്‍ കുമാര്‍ മോഡി ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലു ഫോണ്‍ ഉപയോഗിച്ച് പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും സുശീല്‍ മോഡി ആരോപിച്ചു. ലാലു എംഎല്‍എമാരെ വിളിച്ചതിന്റെ ഓഡിയോ ടേപ്പും, വിളിച്ച മൊബൈല്‍ നമ്പരും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. 

എംഎല്‍എമാരെ വിളിച്ച നമ്പറിലേക്ക് താന്‍ തിരിച്ചു വിളിച്ചപ്പോള്‍ ലാലു ഫോണെടുത്തു. ജയിലിലിരുന്ന് ഈ വൃത്തികെട്ട കളി കളിക്കരുതെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞു. ഈ തന്ത്രത്തില്‍ നിങ്ങള്‍ വിജയിക്കില്ലെന്നും ലാലുവിനെ അറിയിച്ചതായി സുശീല്‍കുമാര്‍ മോഡി വ്യക്തമാക്കി. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടു ചെയ്യാനാണ് ലാലു എന്‍ഡിഎ എംഎല്‍എമാരോട് ആവശ്യപ്പെട്ടതെന്നും സുശീല്‍ കുമാര്‍ മോഡി വ്യക്തമാക്കി. 

ജയിലില്‍ കഴിയുകയായിരുന്ന ലാലുവിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന് 110 സീറ്റുകളാണ് നേടാനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com