മോദി ദേവികയെ പറ്റി എന്തുപറയുന്നു?; വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് കസബിന് വധശിക്ഷ ഉറപ്പാക്കിയ മൊഴി നല്‍കിയ പെണ്‍കുട്ടിയുടെ കുടുംബം

രാജ്യത്തെ പിടിച്ചു കുലുക്കിയ മുംബൈ ഭീകരാക്രമണ കേസില്‍ ഭീകരന്‍ അജ്മല്‍ കസബിന് തൂക്കുകയര്‍ ഉറപ്പാക്കുന്നതില്‍ പ്രധാനമായിരുന്നു ആക്രമണത്തില്‍ വെടിയേറ്റ ദേവിക നല്‍കിയ മൊഴി
മോദി ദേവികയെ പറ്റി എന്തുപറയുന്നു?; വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് കസബിന് വധശിക്ഷ ഉറപ്പാക്കിയ മൊഴി നല്‍കിയ പെണ്‍കുട്ടിയുടെ കുടുംബം

രാജ്യത്തെ പിടിച്ചു കുലുക്കിയ മുംബൈ ഭീകരാക്രമണ കേസില്‍ ഭീകരന്‍ അജ്മല്‍ കസബിന് തൂക്കുകയര്‍ ഉറപ്പാക്കുന്നതില്‍ പ്രധാനമായിരുന്നു ആക്രമണത്തില്‍ വെടിയേറ്റ ദേവിക നല്‍കിയ മൊഴി. അന്ന് എട്ടു വയസ്സുകാരി ആയിരുന്ന ദേവികയ്ക്ക് വീടും മറ്റു ജീവിത സാഹചര്യങ്ങളും ഒരുക്കിനല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗാദ്‌നം നല്‍കിയിരുന്നു. എന്നാല്‍ മകള്‍ക്ക് 21 വയസ്സ് തികഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുയാണ് ദേവികയുടെ കുടുംബം. 

2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ സിഎസ്ടി റയില്‍വെ സ്റ്റേഷനില്‍ നടന്ന ആക്രമത്തില്‍ ദേവികയ്ക്ക് വെടിയേറ്റിരുന്നു. അച്ഛന്‍ നഡ്‌വര്‍ലാലിനൊപ്പം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്നു ദേവിക. 

'പെട്ടെന്ന് വെടിയൊച്ചകളും സ്‌ഫോടന ശബ്ദങ്ങളും കേട്ടു. ആളുകള്‍ ചിതറി ഓടാന്‍ തുടങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ എനിക്ക് വെടിയേറ്റു. കാലില്‍ നിന്ന് രക്തം  ഒഴുകാന്‍ തുടങ്ങി. ഞാന്‍ ബോധം മറഞ്ഞുവീണു. പിറ്റേദിവസമാണ് എനിക്ക് ബോധം വരുന്നത്'- ദേവിക ആ ഭീകര രാത്രി ഓര്‍ത്തെടുക്കുന്നു. 

ആറ് മാസത്തിനുള്ളില്‍ മൂന്ന് ശസ്ത്രക്രിയകളാണ് ദേവികയുടെ കാലില്‍ നടത്തിയത്. തുടര്‍ന്ന മൂന്നുവര്‍ഷത്തില്‍ ആറ് ശസ്ത്രക്രിയ നടത്തി. 2006ല്‍ അമ്മയെ നഷ്ടപ്പെട്ട ദേവിക, അച്ഛനും രണ്ട് സഹോദരങ്ങള്‍ക്കും ഒപ്പമാണ് താമസം. 2009ല്‍ ദേവിക കോടതിയില്‍ നല്‍കിയ മൊഴികളുടെയും കൂടി ബലത്തിലാണ് കോടതി അജ്മല്‍ കസബിന് വധശിക്ഷ വിധിച്ചത്. 2012ല്‍ കസബിനെ തൂക്കിലേറ്റുകയും ചെയ്തു. 

3.50ലക്ഷം രൂപ നഷ്ടപരിഹാരവും പത്തുലക്ഷം രൂപ ചികിത്സാ സഹായവും ലഭിച്ചു. എന്നാല്‍ സര്‍ക്കാര്‍ നല്‍കാമെന്ന് ഏറ്റ വീട് ഇതുവരെ ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. 

ഇത് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാറിമാറിവന്ന മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്കും ഇത് ചൂണ്ടിക്കാട്ടി തങ്ങള്‍ കത്തയച്ചിരുന്നുവെന്നും എന്നാല്‍ നടപടിയുണ്ടായില്ലെന്നും നഡ്‌വര്‍ പറയുന്നു.  

'ബേഠി ബചാവോ ബേഠി പഠാവോ'  എന്ന് എപ്പോഴും പറയുന്ന മോദി ദേവികയെ കുറിച്ച് എന്തുപറയുന്നു എന്നും അദ്ദേഹം ചോദിച്ചു. തങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമേ ലഭിച്ചുള്ളുവെന്നും അദ്ദേഹം ആരോപിച്ചു. 

ചികിത്സയ്ക്ക് വേണ്ടിയും കേസില്‍ മൊഴി നല്‍കാനായി കനത്ത സുരക്ഷയില്‍ കോടതികളിലേക്കും മറ്റുമുള്ള യാത്രകള്‍ക്കായി വലിയ ചിലവായി എന്നും നഡ്‌വര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com