ഒറ്റ മാസം 2300 മരണം, മൂന്നാം വരവ് കഠിനം; കോവിഡില്‍ വിറച്ച് ഡല്‍ഹി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2020 04:32 PM |
Last Updated: 26th November 2020 04:32 PM | A+A A- |

ദേശീയ തലസ്ഥാന പ്രദേശമായ ഘാസിയാബാദില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍/പിടിഐ
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായത് 2300 കോവിഡ് മരണങ്ങള്‍. ഒക്ടോബര്‍ 28 മുതല്‍ 2364 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മരണ സംഖ്യ പരിശോധിക്കുമ്പോള്‍ കോവിഡിന്റെ പുതിയ തരംഗം കൂടുതല്‍ രൂക്ഷമാണെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്.
ഇന്നലെ 99 പേര്‍ കൂടി മരിച്ചതോടെ ഡല്‍ഹിയിലെ കോവിഡ് മരണ സംഖ്യ 8700 ആയി. നവംബര്‍ 19ന് 98 പേരും 20ന് 118 പേരും 21ന് 111 പേരുമാണ് ഡല്‍ഹിയില്‍ കോവിഡ് പിടിപെട്ടു മരിച്ചത്. 22നും 12നും 121 പേര്‍ വീതം വൈറസ് ബാധ മൂലം മരണത്തിനു കീഴടങ്ങി. 24ന് 109 പേരാണ് മഹാമാരി മൂലം മരിച്ചത്.
നവംബര്‍ 18നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഒരു ദിവസം കോവിഡ് ബാധിച്ചു മരിച്ചത്. അന്ന് 131 പേരാണ് വൈറസിനു കീഴടങ്ങിയത്.
ബുധനാഴ്ച വരെ 5,45,787 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4,98,780 പേര്‍ രോഗമുക്തി നേടി.
കോവിഡിന്റെ മൂന്നാം തരംഗമാണ് ഡല്‍ഹിയില്‍ ഇപ്പോഴുള്ളത് എന്നാണ് കണക്കാക്കുന്നത്. മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് ഇത് കുടുതല്‍ രൂക്ഷമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മലിനീകരണം, കാലാവസ്ഥ എന്നിവയെല്ലാം ഇതിനു കാരണമായതായി അവര്‍ വിലയിരുത്തുന്നു. കേസുകള്‍ കൂടുന്നതിന് അനുസരിച്ച് ചികിത്സാ സൗകര്യം വര്‍ധിപ്പിക്കാനാവാത്തതും മരണ നിരക്ക് ഉയര്‍ത്തുന്നുണ്ടെന്നാണ് അവരുടെ പക്ഷം.
മൂന്നാം തരംഗത്തിലെ കോവിഡ് മരണങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വിദഗ്ധ സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. മരണ നിരക്ക് കുറയ്ക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനാണ് സമിതിക്കുള്ള നിര്‍ദേശം.