അവസാന പ്രതീക്ഷ നിവാര്‍ ചുഴലിക്കാറ്റ് തല്ലിക്കെടുത്തി, ശ്വാസകോശം മാറ്റിവെയ്ക്കല്‍ തടസ്സപ്പെട്ടു; 30കാരനായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവ ഡോക്ടറിന് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസാന പ്രതീക്ഷ നിവാര്‍ ചുഴലിക്കാറ്റ് മൂലം നഷ്ടപ്പെട്ടു
IMAGE COURTESY: NDTV
IMAGE COURTESY: NDTV

ഭോപ്പാല്‍:  കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവ ഡോക്ടറിന് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസാന പ്രതീക്ഷ നിവാര്‍ ചുഴലിക്കാറ്റ് മൂലം നഷ്ടപ്പെട്ടു. കോവിഡ് ബാധിച്ച് പ്രവര്‍ത്തനക്ഷമമല്ലാതായി തീര്‍ന്ന ശ്വാസകോശം മാറ്റിവെച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അവസാന ശ്രമമാണ് നിവാര്‍ ചുഴലിക്കാറ്റ് മൂലം തടസ്സപ്പെട്ടത്. 30കാരനായ ഡോക്ടര്‍ ഇന്നലെയാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു മാസമായി കോവിഡിനെതിരെ പോരാടുകയായിരുന്നു ഡോക്ടര്‍ ശുഭം ഉപാധ്യായ. ജീവന്‍ തിരിച്ചുകിട്ടാന്‍ ശ്വാസകോശം മാറ്റിവെയ്ക്കുക എന്നതുമാത്രമായിരുന്നു പോംവഴി. ഇതിനായി ചെന്നൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനിരിക്കേയാണ്, നിവാര്‍ ചുഴലിക്കാറ്റിന്റെ രൂപത്തില്‍ യുവ ഡോക്ടറിന് വിധി എതിരായത്.

ബുന്ദല്‍ഖണ്ഡ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് ശുഭം ഉപാധ്യായ. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടറിന് കോവിഡ് പിടിപെട്ടത്.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നവംബര്‍ 10ന് ഇദ്ദേഹത്തെ ഭോപ്പാലിലെ പ്രമുഖ മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.

ശ്വാസകോശത്തിന്റെ 96 ശതമാനവും അണുബാധയേറ്റ് പ്രവര്‍ത്തനരഹിതമായതോടെയാണ് മാറ്റിവെയ്ക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. എന്നാല്‍ നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നത് തടസ്സപ്പെട്ടതോടെയാണ് ശുഭം ഉപാധ്യായ യാത്രയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com