അമിത് ഷാ, നഡ്ഡ, യോഗി;നാല് സീറ്റിലൊതുങ്ങിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിടിക്കാന്‍ വന്‍ നിരയുമായി ബിജെപി

നവംബര്‍ 28ന് യോഗി ആദിത്യനാഥ് നഗരത്തില്‍ പ്രചാരണം നടത്തും. ഇതേദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നഗരത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
അമിത് ഷാ, നഡ്ഡ, യോഗി;നാല് സീറ്റിലൊതുങ്ങിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിടിക്കാന്‍ വന്‍ നിരയുമായി ബിജെപി

ഹൈദരാബാദ്: ഡിസംബര്‍ ഒന്നിന് നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് എത്തുന്നത് പ്രമുഖ ദേശീയ നേതാക്കള്‍. അധ്യക്ഷന്‍ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എത്തുന്നത്. ടിആര്‍എസും ഒവൈസിയുടെ എഐഎംഐഎമ്മും ആണ് ഇവിടെ ബിജെപിയുടെ പ്രധാനഎതിരാളികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ ഒതുങ്ങിയ ബിജെപിക്ക് വേണ്ടി ഇത്തവണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് തേജസ്വി സൂര്യ എംപിയാണ്. 

നവംബര്‍ 28ന് യോഗി ആദിത്യനാഥ് നഗരത്തില്‍ പ്രചാരണം നടത്തും. ഇതേദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നഗരത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഭാരത് ബയോടെക് സന്ദര്‍ശിക്കുന്ന അദ്ദേഹം പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ല. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും സ്മൃതി ഇറാനിയും ഇതിനോടകം തന്നെ ക്യാമ്പയിനുകള്‍ക്ക് വേണ്ടി ഹൈദരാബാദില്‍ എത്തിക്കഴിഞ്ഞു. 

തെലങ്കാനയില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഒന്നായ ഗ്രേറ്റര്‍ ഹൈദരബാദിലേക്കുള്ള തെരഞ്ഞെടുപ്പ് അഭിമാനപ്രശ്‌നമായി ബിജെപി എടുത്തിട്ടുണ്ടെന്നാണ് പ്രചരണ നിരയിലുള്ള വലിയ നേതാക്കളുടെ നീണ്ട പട്ടിക വ്യക്തമാക്കുന്നത്. 2023ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനലായും ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നു. 

150 സീറ്റുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ വെറും നാല് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒരു സീറ്റില്‍ ഒതുങ്ങി. എന്നാല്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ഇത്തണ കളത്തിലിറങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com