ക്രിമിനല്‍ നിയമം വ്യക്തികളെ തെരഞ്ഞുപിടിച്ച് ക്രൂശിക്കാനുള്ള ആയുധമാവരുത്; അര്‍ണബിന്റെ ഇടക്കാല ജാമ്യം നീട്ടി

ക്രിമിനല്‍ നിയമം വ്യക്തികളെ തെരഞ്ഞുപിടിച്ച് ക്രൂശിക്കാനുള്ള ആയുധമാവരുത്; അര്‍ണബിന്റെ ഇടക്കാല ജാമ്യം നീട്ടി
അര്‍ണബ് പൊലീസ് കസ്റ്റഡയില്‍/ഫയല്‍
അര്‍ണബ് പൊലീസ് കസ്റ്റഡയില്‍/ഫയല്‍

ന്യൂഡല്‍ഹി: ക്രിമിനല്‍ നിയമം ആളുകളെ തെരഞ്ഞുപിടിച്ച് ക്രൂശിക്കുന്നതിനുള്ള ആയുധമായി മാറുന്നില്ലെന്ന് ജുഡീഷ്യറി ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. ആത്മഹത്യാ പ്രേരണാക്കേസില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ്‌, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ  നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം.

ക്രിമിനല്‍ നിയമം ഭരണകൂടങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയും ഹൈക്കോടതികളും കീഴ്‌ക്കോടതികളും ഉണര്‍ന്നിരിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭരണകൂടം അധികാര ദുര്‍വിനിയോഗം നടത്തിയെന്നു പ്രഥമ ദൃഷ്ട്യാ തോന്നുന്ന ഒരു കേസില്‍ പൗരന്മാര്‍ക്കു നേരെ കോടതിയുടെ വാതില്‍ കൊട്ടിയടയ്ക്കാനാവില്ല. ഒറ്റ ദിവസത്തേക്ക് ആണെങ്കില്‍പ്പോലും വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്ന് കോടതി പറഞ്ഞു.

അര്‍ണബ് ഗോസ്വാമിക്കെതിരായ കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റവും എഫ്‌ഐആറും തമ്മില്‍ പ്രഥമൃഷ്്ട്യാ ബന്ധമില്ലായ്മയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 

2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ അര്‍ണബിന് നവംബര്‍ 11നാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് നീതിനടത്തിപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരമോന്നത കോടതിയുടെ നടപടി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കീഴ്‌ക്കോടതികള്‍ ഉത്തരവാദിത്വം മറക്കുന്നതായി സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

കേസിലെ മറ്റു പ്രതികളായ നിതീഷ് സര്‍ദ, ഫിറോസ് മുഹമ്മദ് ഷെയ്ഖ് എന്നിവര്‍ക്കും കോടതി ജാമ്യം  അനുവദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com