ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി പ്രീപെയ്ഡ് കാര്‍ഡ്, മെട്രോ ട്രെയിനുകളിലേത് പോലെ മെഷീന്‍ ടാപ്പിങ് 

മെഷീനിലെ സെൻസറിനു മുകളിൽ കാണിച്ചു കടന്നുപോകാവുന്ന കാർഡുകൾ ഏർപ്പെടുത്തുന്നതിലൂടെ തിരക്ക് ഒഴിവാക്കാൻ സാധിക്കും
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി പ്രീപെയ്ഡ് കാര്‍ഡ്, മെട്രോ ട്രെയിനുകളിലേത് പോലെ മെഷീന്‍ ടാപ്പിങ് 


ന്യൂഡൽഹി: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിൽ ഉപയോഗിക്കാൻ മെട്രോ ട്രെയിനുകളിലേതു പോലെ മെഷീൻ ടാപ്പിങ് സൗകര്യമുള്ള പ്രീ പെയ്ഡ് കാർഡുകൾ വരുന്നു. നിലവിൽ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ പണം കൊടുത്തു കടന്നുപോകാൻ ഒരു ലൈൻ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇത് പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നതിന് ഇടയാക്കുന്നു. 

ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ ഫാസ്ടാഗ് ലൈനിലേക്കു കയറുന്നത് തർക്കങ്ങൾക്കും ഇടയാക്കാറുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പദ്ധതി. പ്രീ പെയ്ഡ് കാർ‍ഡുകൾ കൊണ്ടുവരുന്നതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ടെൻഡർ ക്ഷണിച്ചു. 50 രൂപ വില വരുന്ന കാർഡ് റീചാർജ് ചെയ്യാനാവും.

മെഷീനിലെ സെൻസറിനു മുകളിൽ കാണിച്ചു കടന്നുപോകാവുന്ന കാർഡുകൾ ഏർപ്പെടുത്തുന്നതിലൂടെ തിരക്ക് ഒഴിവാക്കാൻ സാധിക്കും. ടോൾ മാനേജ്മെന്റ് സംവിധാനവുമായി പ്രീ–പെയ്ഡ് കാർഡ്  ബന്ധപ്പെടുത്തും. ടെൻഡർ ലഭിക്കുന്ന കമ്പനി എല്ലാ ടോൾ ബൂത്തുകളിലും 3 മാസത്തേക്ക് കാർഡ് വിൽപന, റീചാർജ്, ടോൾ പ്ലാസ ജീവനക്കാർക്കു പരിശീലനം എന്നിവയും നൽകണം. രാജ്യത്തെ 70% വാഹനങ്ങളിലും ഫാസ്ടാഗ് സ്റ്റിക്കറുകൾ പതിച്ചുകഴിഞ്ഞതായാണ്  ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com