'കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍'; പ്രശ്‌നമുണ്ടാക്കിയത് പഞ്ചാബില്‍ നിന്ന് വന്നവരെന്ന് ഹരിയാന മുഖ്യമന്ത്രി

കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍.
'കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍'; പ്രശ്‌നമുണ്ടാക്കിയത് പഞ്ചാബില്‍ നിന്ന് വന്നവരെന്ന് ഹരിയാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. മാര്‍ച്ച് ചെയ്യുന്ന കര്‍ഷകരുടെ ഇടയില്‍ നിന്ന് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെന്നും ഇതേപ്പറ്റി സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹരിയാനയിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പഞ്ചാബില്‍ നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും ഘട്ടര്‍ പറഞ്ഞു. 

'സമരം ആരംഭിച്ചത് പഞ്ചാബില്‍ നിന്നാണ്. സമരവുമായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യൂണിയനുകള്‍ക്കും ബന്ധമുണ്ട്. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ല. അതിന് ഞാന്‍ അവരെ അഭിനന്ദിക്കുകയാണ്. തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്തതിന് ഹരിയാന പൊലീസിനെയും അഭിനന്ദിക്കുന്നു'അദ്ദേഹം പറഞ്ഞു. 

അതേസമയം, മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ക്ക് എതിരെ ഹരിയാന പൊലീസ് കലാപ ശ്രമത്തിന് കേസെടുത്തു. ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന സംസ്ഥാന സെക്രട്ടറി ഗുര്‍നാം സിങ് ചരുണി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് ഹരിയാന പൊലീസ് കേസെടുത്തിരിക്കുന്നത്.

ഐപിസി സെക്ഷനുകളായ 307 ( കൊലപാതക ശ്രമം) 147 (കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍) 149 (അനധികൃതമായി സംഘം ചേരല്‍) 269 (പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം) എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

ഡല്‍ഹിയിലേക്ക് പുറപ്പെട്ട പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ ഹരിയാന അതിര്‍ത്തിയായ അംബാലയില്‍ പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് പൊലീസ് ബാരിക്കേഡുകള്‍ നശിപ്പിച്ചിരുന്നു.

ഹരിയാനയിലെ ഒന്നിലധികം പൊലീസ് സ്‌റ്റേഷനകളില്‍ കര്‍ഷകര്‍ക്ക് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ഷകരാണ് അതിക്രമിച്ചു കടന്നതെന്നും പൊലീസ് സംയമനത്തോടെയാണ് പെരുമാറിയത് എന്നും കഴിഞ്ഞദിവസം ഹരിയാന ഡിജിപി മനോജ് യാദവ് പറഞ്ഞു.

കര്‍ഷകര്‍ നിയമവാഴ്ച തകര്‍ക്കാന്‍ ശ്രമിച്ചെന്നും പൊലീസിന് നേരെ കല്ലേറ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുന്നെും പൊലീസ് വാഹനങ്ങളും മറ്റ് വാഹനങ്ങളും കര്‍ഷകര്‍ നശിപ്പിച്ചുവെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com