സമരസ്ഥലം മാറ്റിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന്  അമിത് ഷാ; നിര്‍ദേശം തള്ളി കര്‍ഷകര്‍

എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉപാധികളോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകര്‍
സമരസ്ഥലം മാറ്റിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന്  അമിത് ഷാ; നിര്‍ദേശം തള്ളി കര്‍ഷകര്‍

ന്യൂഡല്‍ഹി: എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉപാധികളോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകര്‍. ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റണമെന്നാണ് അമിത് ഷാ മുന്നോട്ടുവെച്ച ഉപാധി. ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ല എന്ന് ചൂണ്ടിക്കാണിച്ച് 30 കര്‍ഷക സംഘടനകളാണ് അമിത് ഷായുടെ നിര്‍ദേശം തള്ളിയത്. ഇതിന് പുറമേ കാര്‍ഷിക പരിഷ്‌കരണങ്ങളെ ന്യായീകരിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കിബാത്തും കര്‍ഷകരുടെ തീരുമാനത്തെ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെയാണ് വ്യക്തമാക്കിയത്. ഡിംസംബര്‍ 3ന് മുന്‍പ് കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റണം. പ്രക്ഷോഭം നടത്താന്‍ പൊലീസ് സൗകര്യം നല്‍കും. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു.

 കര്‍ഷകര്‍ നിരങ്കരി മൈതാനത്തേക്ക് മാറണമെന്ന സര്‍ക്കാരിന്റെ ആവശ്യം മാനിച്ച് ഒരുവിഭാഗം അങ്ങോട്ടേക്ക് മാറിയിരുന്നു. എന്നാല്‍ ഒരു വലിയ വിഭാഗം കര്‍ഷകര്‍ ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിംഗും, തിക്രി എന്നിവിടങ്ങളില്‍ തന്നെ തുടരുകയാണ്. ജന്തര്‍ മന്തറിലോ, രാം ലീല മൈതാനത്തോ പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. അതുവരെ അതിര്‍ത്തിയില്‍ തന്നെ തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു. രാജ്യത്തിന്റെ പലഭാഗത്തുനിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com