ശല്യം സഹിക്കാതെ വന്നപ്പോള്‍ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുനല്‍കി; പിന്നാലെ ഭീഷണി;  മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം കേസ് എടുത്ത് യോഗി സര്‍ക്കാര്‍

പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി
ശല്യം സഹിക്കാതെ വന്നപ്പോള്‍ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുനല്‍കി; പിന്നാലെ ഭീഷണി;  മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം കേസ് എടുത്ത് യോഗി സര്‍ക്കാര്‍

ലക്‌നൗ:  മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ഉത്തര്‍പ്രദേശില്‍ ആദ്യകേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ബറേലി ജില്ലയിലാണ് സംഭവം. 22 കാരനെതിരെയാണ് പരാതി.

20 വയസ്സുകാരിയായ ടിക്കാറാമിന്റെ മകളെ മതപരിവര്‍ത്തനത്തിനും വിവാഹത്തിനും അഹമ്മദ് നിര്‍ബന്ധിക്കുന്നുവെന്നാണു പരാതി. വിവാഹിതയായ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന യുവാവ് ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയെന്നു പരാതിയില്‍ പറയുന്നു. ഐപിസി 504, 506 വകുപ്പുകളും യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അഹമ്മദ് പിന്നീട് വിവാഹം കഴിക്കാനായി മതപരിവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നു പിതാവിന്റെ പരാതിയില്‍ പറയുന്നു. അഹമ്മദ് ഒളിവിലാണ്. 

അഹമ്മദും പെണ്‍കുട്ടിയും പന്ത്രണ്ടാം ക്ലാസ് മുതല്‍ ഒരുമിച്ചാണു പഠിക്കുന്നതെന്നു സമീപവാസികള്‍ പറഞ്ഞു. സ്‌കൂള്‍ പഠനത്തിനു ശേഷം പെണ്‍കുട്ടി സമീപത്തുള്ള കോളജില്‍ ചേര്‍ന്നു. എന്നാല്‍ അഹമ്മദ് വീണ്ടും പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്ന് അവരുടെ ബന്ധുക്കള്‍ പറഞ്ഞു. മതംമാറി തന്നെ വിവാഹം കഴിക്കണമെന്ന് അഹമ്മദ് ആവശ്യപ്പെടുന്നതായി പെണ്‍കുട്ടിയും പരാതിപ്പെട്ടിരുന്നു. പല തവണ ഒഴിവാക്കാന്‍ നോക്കിയെങ്കിലും അഹമ്മദ് വഴങ്ങിയില്ല. പിന്നീട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. 

അഹമ്മദിന്റെ ശല്യം വര്‍ധിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ ജൂണില്‍ മറ്റൊരാള്‍ക്കു വിവാഹം ചെയ്തു നല്‍കി. എന്നാല്‍ അഹമ്മദ് വീണ്ടും പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ശനിയാഴ്ച അഹമ്മദ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. കുടുംബത്തെ വകവരുത്തുമെന്നും അയാള്‍ ഭീഷണി മുഴക്കിയെന്നു ടിക്കാറാമിന്റെ പരാതിയില്‍ പറയുന്നു. ശനിയാഴ്ച രാത്രിയാണ് ടിക്കാറാം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇതോടെ പുതിയ നിയമപ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അനുമതി നല്‍കിയത്. കുറ്റക്കാരായി കണ്ടെത്തിയാല്‍ 10 വര്‍ഷം വരെ തടവും പരമാവധി 50,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com