അത് അവളല്ല, ഹാഥ്‌രസ് പെണ്‍കുട്ടിയുടേത് എന്നപേരില്‍ പ്രചരിക്കുന്നത് ചണ്ഡീഗഡ് സ്വദേശിയുടെ ചിത്രം, പരാതി

അത് അവളല്ല, ഹാഥ്‌രസ് പെണ്‍കുട്ടിയുടേത് എന്നപേരില്‍ പ്രചരിക്കുന്നത് ചണ്ഡീഗഡ് സ്വദേശിയുടെ ചിത്രം, പരാതി

ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ മോഹന്‍ ലാല്‍ ചണ്ഡീഗഡ് എസ്എസ്പിയ്ക്ക് പരാതി നല്‍കി 

ന്യൂഡല്‍ഹി : ഹാഥ്‌രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി എന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ഫോട്ടോ രണ്ടു വര്‍ഷം മുമ്പ് മരിച്ച യുവതിയുടേതെന്ന് റിപ്പോര്‍ട്ട്. ചണ്ഡീഗഡില്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ച പെണ്‍കുട്ടിയുടെ ചിത്രമാണ് ഹാഥ്‌രസ് ഇരയെന്ന പേരില്‍ പ്രചരിക്കുന്നത്. 

ചണ്ഡീഗഡ് സ്വദേശിനിയായ മനീഷ യാദവ് രണ്ടു വര്‍ഷം മുമ്പാണ് അസുഖബാധിതയായി മരിക്കുന്നത്. എന്നാല്‍ ഹാഥ്‌രസ് സംഭവത്തിന് പിന്നാലെ കൊല്ലപ്പെട്ട പെണ്‍കുട്ടി എന്ന തരത്തില്‍ മനീഷയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഉന്നതരായ വ്യക്തികള്‍ വരെ ഈ ചിത്രം പങ്കുവെച്ചിരുന്നു. 

രണ്ടു വര്‍ഷം മുമ്പ് മരിച്ച തന്റെ മകളെ വീണ്ടും പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ചതിലും, ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതിലും അതിയായ ദുഃഖമുണ്ടെന്ന് മനീഷയുടെ പിതാവ് മോഹന്‍ലാല്‍ യാദവ് പറഞ്ഞു. മകളുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ മോഹന്‍ ലാല്‍ യാദവ് ചണ്ഡീഗഡ് എസ്എസ്പിയ്ക്ക് പരാതി നല്‍കി. 

മകളുടെ ചിത്രം പ്രചരിപ്പിക്കുന്നത് തടയണമെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. അസുഖബാധിതയായ മനീഷ 2018 ജൂലൈ 22 നാണ് മരിച്ചതെന്ന് പിതാവ് പറയുന്നു. അതേസമയം ബലാല്‍സംഗത്തിന് ഇരയായവരുടെ ചിത്രം പ്രചരിപ്പിക്കുന്നത് കുറ്റകരമായ നടപടിയാണെന്ന് അഭിഭാഷകനായ അനില്‍ ഗോഗാനയും വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com