യോഗിയെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല നല്‍കി ഗോരക്‌നാഥ് മഠത്തിലേക്ക് തിരിച്ചയക്കൂ : മായാവതി ( വീഡിയോ)

യോഗിയെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല നല്‍കി ഗോരക്‌നാഥ് മഠത്തിലേക്ക് തിരിച്ചയക്കൂ : മായാവതി ( വീഡിയോ)

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത ഒരു ദിവസം പോലും യുപിയില്‍ ഇല്ല എന്ന സ്ഥിതിയാണ്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍,  യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത ഒരു ദിവസം പോലും യുപിയില്‍ ഇല്ല എന്ന സ്ഥിതിയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവുന്നില്ലെങ്കില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രാജിവെക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു. 

യോഗി ആദിത്യനാഥിന് സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കാന്‍ കഴിയുന്നില്ല. സംസ്ഥാനത്ത് ക്രിമിനല്‍, മാഫിയ സംഘത്തിന്റെ വിളയാട്ടമാണെന്ന് മായാവതി ആരോപിച്ചു. ഹാഥ്‌രസിലെ സംഭവത്തോടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യുപി സര്‍ക്കാര്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുമെന്നാണ് വിചാരിച്ചത്. 

എന്നാല്‍ ഹാഥ്‌രസിന് പിന്നാലെ ബാല്‍റാംപൂരിലും ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. അസംഗഡില്‍ എട്ടു വയസ്സുള്ള ബാലിക ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. സ്ത്രീസുരക്ഷ ഉറപ്പക്കാനാവാത്ത യോഗി ആദിത്യനാഥിനെ ഗോരക്‌നാഥ് മഠത്തിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്രം തയ്യാറാകണം. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല നല്‍കിയ യോഗി ആദിത്യനാഥിനെ പറഞ്ഞയക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. 

യുപിയില്‍ ഏറ്റവും ഒടുവിലായി അസംഗഡില്‍ എട്ടുവയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ 20കാരനായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാഥ് രസിന് പിന്നാലെ യുപിയില്‍ കഴിഞ്ഞ ദിവസം ദളിത് വിദ്യാര്‍ത്ഥിനിയും ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. കോളേജില്‍ പ്രവേശനം തേടി തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആറംഗ സംഘം ആക്രമിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com