രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; ഡല്‍ഹിയിലേക്ക് മടങ്ങി; രാജ്യമാകെ പ്രതിഷേധം (വീഡിയോ)

ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലേക്കുള്ള യാത്രാമധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു.
രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് യുപിയില്‍ നടത്തിയ പ്രതിഷേധം/ചിത്രം: പിടിഐ
രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് യുപിയില്‍ നടത്തിയ പ്രതിഷേധം/ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലേക്കുള്ള യാത്രാമധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു. ഇവര്‍ ഡല്‍ഹിയിലേക്ക് മടങ്ങി. യുപി-ഡല്‍ഹി അതിര്‍ത്തിവരെ യുപി പൊലീസ് ഇവരെ അനുഗമിക്കും. അതേസമയം, നേതാക്കളുടെ അറസ്റ്റിന് പിന്നാലെ രാജ്യമാകെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 

കെപിസിസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുത്ത് പ്രതിഷേധ സമരം നടന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പ്രതിഷേധത്തിനെത്തി. 

രാജ്യത്തിന്റെ പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. ഡല്‍ഹി ശാസ്ത്രീ ഭവന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 

കൊല്‍ക്കത്തയില്‍ ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. ഇലരെയും പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. 

നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. യമുന എക്സ്പ്രസ് വേയില്‍ ഡല്‍ഹിയുപി അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതും പൊലീസ് തടഞ്ഞു. തുടര്‍ന്ന് നേതാക്കളും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. രാഹുലിനെ പൊലീസ് തള്ളി താഴെയിട്ടു.

ഇതിന് പിന്നാലെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. ലാത്തി ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയേയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com