രാഹുലിനെ കയ്യേറ്റം ചെയ്ത് യുപി പൊലീസ്; ഹാഥ്‌രസ് യാത്ര തടഞ്ഞു; പ്രിയങ്കയും അറസ്റ്റില്‍, മോദിക്ക് മാത്രം നടന്നാല്‍ മതിയോ എന്ന് രാഹുല്‍ (വീഡിയോ)

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു
രാഹുല്‍ ഗാന്ധിയെ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റുന്ന യുപി പൊലീസ്/ ചിത്രം: പിടിഐ
രാഹുല്‍ ഗാന്ധിയെ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റുന്ന യുപി പൊലീസ്/ ചിത്രം: പിടിഐ

ക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. യമുന എക്‌സ്പ്രസ് വേയില്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച രാഹുലിനെയും പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി സെക്ഷന്‍ 188 ചുമത്തിലാണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് രാഹുലിനെയും പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ ഹാഥ്‌രസിലേക്ക് പോകാനുള്ള ശ്രമം പൊലീസ് തടഞ്ഞതിന് പിന്നാലെ നേതാക്കള്‍ നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതും പൊലീസ് തടഞ്ഞു. തുടര്‍ന്ന് നേതാക്കളും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. രാഹുലിനെ പൊലീസ് തള്ളി താഴെയിട്ടു.
 


ഇതിന് പിന്നാലെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. ലാത്തി ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയേയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. 

കാല്‍നടയായി പോകാനുള്ള തങ്ങളുടെ ശ്രമത്തെ പൊലീസ് പലപ്രാവശ്യം തടഞ്ഞ് ലാത്തി ചാര്‍ജ് നടത്തിയെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഹങ്കാരിയായ സര്‍ക്കാരിന്റെ ലാത്തികള്‍ക്ക് തങ്ങളെ തടയാന്‍ സാധിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. 

ഒരു കുടുംബത്തിന്റെ വിലാപത്തിനൊപ്പം പങ്കുചേരുന്നതു പോലും യുപിയിലെ ജംഗിള്‍ രാജ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 

പൊലീസ് തനിക്കെതിരെ ലത്തി ചാര്‍ജ് നടത്തിയെന്നും ഗ്രൗണ്ടിലേക്ക് തള്ളിയിട്ടെന്നും അദ്ദേഹം പറഞ്ഞു. 'മോദിയ്ക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാനുള്ള അവകാശമുള്ളോ? ഒരു സാധാരണക്കാരന് നടക്കാന്‍ പാടില്ലേ? ഞങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞു. അതുകൊണ്ടാണ് ഞങ്ങള്‍ നടന്നുതുടങ്ങിയത്'-രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com