'കുറ്റം ചെയ്തവരെ തൂക്കി കൊല്ലണം, യോഗി ആദിത്യനാഥ് രാജിവെയ്ക്കണം'; ജന്തര്‍മന്തറില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം 

ഉത്തര്‍പ്രദേശ് ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 20കാരിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം
'കുറ്റം ചെയ്തവരെ തൂക്കി കൊല്ലണം, യോഗി ആദിത്യനാഥ് രാജിവെയ്ക്കണം'; ജന്തര്‍മന്തറില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം 

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശ് ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 20കാരിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്, ,സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ നിരവധിപ്പേര്‍ പങ്കെടുത്തു. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധം.

ഇനി രാജ്യത്ത് ഒരു ബലാത്സംഗ സംഭവവും ഉണ്ടാവരുതെന്ന് പറഞ്ഞ അരവിന്ദ് കെജരിവാള്‍, ഹാഥ്‌രസ് കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റം ചെയ്തവരെ തൂക്കി കൊല്ലണം. പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ചിലര്‍ സംശയിക്കുന്നു. ഈ സമയത്ത് പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കണം. ഈ സംഭവത്തില്‍ ഒരു രാഷ്ട്രീയവും ഇല്ല. എന്തുകൊണ്ട് യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു?. രാജ്യത്ത് ഇനി ഒരു ബലാത്സംഗവും സംഭവിക്കരുതെന്നും അരവിന്ദ് കെജരിവാള്‍ ഓര്‍മ്മിപ്പിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന്  ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. നീതി നടപ്പാക്കണം. വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്നും ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. പ്രതിഷേധം കണക്കിലെടുത്ത് ഇന്ത്യ ഗേറ്റില്‍ ഡല്‍ഹി പൊലീസ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തുടര്‍ന്നാണ് ജന്തര്‍മന്തറിലേക്ക് സമരം മാറ്റിയത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നീതി നടപ്പാക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത് കൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞു. ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ വേഷം ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com