കോവിഡാണെന്ന് അറിഞ്ഞിട്ടും കളളന്മാര്‍ വീട് കൊളളയടിച്ചു, കത്തിമുനയില്‍ നിര്‍ത്തി കെട്ടിയിട്ടു; ഒരു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, പൊലീസുകാര്‍ ക്വാറന്റൈനില്‍

തമിഴ്‌നാട്ടില്‍ ബിസിനസുകാരന്റെ വീട്ടില്‍ നിന്നും എട്ടംഗ മോഷണ സംഘം ഒരു കോടി രൂപ മൂല്യമുളള സ്വര്‍ണാഭരണങ്ങളും 10 ലക്ഷം രൂപയും കവര്‍ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിസിനസുകാരന്റെ വീട്ടില്‍ നിന്നും എട്ടംഗ മോഷണ സംഘം ഒരു കോടി രൂപ മൂല്യമുളള സ്വര്‍ണാഭരണങ്ങളും 10 ലക്ഷം രൂപയും കവര്‍ന്നു. വീട്ടുകാരെ കെട്ടിയിട്ട് വായ് മൂടിയ ശേഷമായിരുന്നു കവര്‍ച്ച. ബിസിനസുകാരന്റെ ബന്ധുവാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

ചെന്നൈയിലാണ് സംഭവം. കവര്‍ച്ചയ്ക്ക് ശേഷം തൂത്തുകൂടിയിലേക്ക് കടന്ന സംഘത്തെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ബിസിനസുകാരന്റെ കുടുംബത്തിലെ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവരം അറിഞ്ഞ് പരിശോധനയ്ക്ക് എത്തിയ പൊലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കും.

ലെതര്‍ വില്‍പ്പനക്കാരനായ നൂറുള്‍ യാക്കൂബിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ നൂറുള്‍ യാക്കൂബും ഭാര്യയും വീട്ടുജോലിക്കാരനും ബന്ധുക്കളും അടക്കം എട്ടുപേരാണ് ഉണ്ടായിരുന്നത്. പ്രതി നൂറുള്‍ യാക്കൂബിന്റെ ബന്ധു മൊഹിദ്ദീന്‍ തൊട്ടടുത്ത് ലോഡ്ജിലാണ് താമസിച്ചിരുന്നത്. 

കോവിഡിനെ തുടര്‍ന്ന്് നൂറുള്‍ യാക്കൂബിന്റെ കുടുംബം ക്വാറന്റൈനില്‍ കഴിയുന്നതായി അറിഞ്ഞിട്ടും മോഷണത്തിന് സംഘം വീട് തെരഞ്ഞെടുക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് വീട്ടില്‍ അതിക്രമിച്ച് കയറിയാണ് മോഷണം നടത്തിയത്. കത്തി മുനയില്‍ എല്ലാവരെയും കെട്ടിയിട്ട ശേഷമായിരുന്നു മോഷണം. നാലുമണിക്കൂര്‍ നീണ്ട മോഷണത്തിനിടെ വീട്ടിലെ വിലപ്പിടിപ്പുളള എല്ലാ സാധനങ്ങളും സംഘം കൊണ്ടുപോയതായി പൊലീസ് പറയുന്നു. 

യാക്കൂബിന്റെ കാറിലാണ് മൊഹിദ്ദീനും സംഘം രക്ഷപ്പെട്ടത്. യാക്കൂബിന്റെ അനന്തരവനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ ശേഷം വിട്ടയച്ചു. പൊലീസിനെ സമീപിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com