ഹാഥ്‌രസ് കൂട്ടബലാത്സംഗം; അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് നോട്ടിസ് അയച്ചു
ഹാഥ്‌രസ് കൂട്ടബലാത്സംഗം; അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു

അലഹാബാദ്: ഹാഥ്‌രസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.  മന:സാക്ഷിയെ നടുക്കുന്ന സംഭവമാണ് നടന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് നോട്ടിസ് അയച്ചു. യുപി അഡീഷനല്‍ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, എഡിജിപി, ഹാത്രസ് ജില്ലാ മജിസ്‌ട്രേറ്റ്, സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവരോടാണ്  മാസം 12 ന് ഹാജരാകാന്‍ ജസ്റ്റിസുമാരായ രാജന്‍ റോയ്, ജസ്പ്രീത് സിങ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിക്കാനും കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മാതാപിതാക്കളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്‌ക്കരിച്ച നടപടിയിലും കോടതി രോഷം പ്രകടിപ്പിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക്  പറയാനുള്ളത് കോടതിയെ അറിയിക്കാമെന്ന് പറഞ്ഞ കോടതി, അവര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.

അതേസമയം, ഹാത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ യു.പി പൊലീസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് കേസ്. 153 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ഗൗതം ബുദ്ധ നഗര്‍ പൊലീസ് കേസെടുത്തു. ഹാത്രസിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com