പതിനായിരം അടി ഉയരത്തില്‍ ഹിമാലയം തുരന്ന 'എഞ്ചിനീയറിങ് വിസ്മയം'; സൈനിക നീക്കങ്ങള്‍ക്ക് കരുത്ത്, ശൈത്യകാലത്തും സുഗമമായ പാത; അടല്‍ ടണല്‍ രാജ്യത്തിന് സമര്‍പ്പിച്ചു ( വീഡിയോ)

മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം
പതിനായിരം അടി ഉയരത്തില്‍ ഹിമാലയം തുരന്ന 'എഞ്ചിനീയറിങ് വിസ്മയം'; സൈനിക നീക്കങ്ങള്‍ക്ക് കരുത്ത്, ശൈത്യകാലത്തും സുഗമമായ പാത; അടല്‍ ടണല്‍ രാജ്യത്തിന് സമര്‍പ്പിച്ചു ( വീഡിയോ)

സിംല : രാജ്യത്തിന്റെ അഭിമാന പദ്ധതിയായ റോത്താംഗിലെ അടല്‍ തുരങ്കം ഇനി രാജ്യത്തിന് സ്വന്തം. അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ എം എം നാരാവ്‌നെ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്. പത്തു വർഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് അടൽ തുരങ്കം നിർമ്മിച്ചത്. 3,086 കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം.

സമുദ്രനിരപ്പിൽ നിന്ന് 10,000 അടി ഉയരത്തിൽ പർവതം തുരന്ന് 9.02 കിലോമീറ്റർ നീളമുള്ള തുരങ്കപാതയാണ് അടൽ ടണലിനെ വ്യത്യസ്തമാക്കുന്നത്.  ലഭ്യമായ എല്ലാ ആധുനിക സുരക്ഷ, സവിശേഷതകളും ഉൾക്കൊള്ളിച്ചാണു ഹിമാലയത്തിലെ പിർ പഞ്ജൽ റേഞ്ചിൽ തുരങ്കം പൂർത്തിയാക്കിയത്. 

കുതിരലാടത്തിന്റെ ആകൃതിയിലുള്ള സിംഗിൾ-ട്യൂബ് ഡബിൾ ലെയിൻ ടണലാണിത്. 8 മീറ്ററാണു റോഡ്‌വേ. 5.525 മീറ്റർ ഓവർഹെഡ് ക്ലിയറൻസുണ്ട്. പ്രതിദിനം 3000 കാറുകൾക്കും 1500 ട്രക്കുകൾക്കും മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. ഓരോ 150 മീറ്ററിലും ടെലഫോൺ സൗകര്യം, ഓരോ 60 മീറ്ററിലും ഫയർ ഹൈഡ്രന്റ്, ഓരോ 500 മീറ്ററിലും എമർജൻസി എക്സിറ്റ്, ഓരോ കിലോമീറ്ററിലും വായുവിന്റെ ഗുണനിലവാര നിരീക്ഷണം, ഓരോ 250 മീറ്ററിലും സിസിടിവി ക്യാമറകളുള്ള ഓട്ടമാറ്റിക് ഡിറ്റക്‌ഷൻ സംവിധാനം തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്.

സൈനിക നീക്കത്തിനും വിനോദ സഞ്ചാരത്തിനും സഹായകമാകുന്ന ടണൽ മണാലിയും ലേയും തമ്മിലുള്ള ദൂരത്തിൽ 46 കിലോമീറ്ററോളം കുറവുണ്ടാക്കും. മണാലിയിൽനിന്ന് നിലവിൽ അഞ്ച് മണിക്കൂറോളം വേണ്ട, ലഹൗളിലേക്കും സ്പിതി വാലിയിലേക്കുമുള്ള യാത്രയ്ക്ക് ഇനി 10 മിനിറ്റ് മതിയാകും. തുരങ്കം യാഥാർത്ത്യമായതോടെ  കശ്‌മീരിലെ തന്ത്രപ്രധാന മേഖലയായ ലഡാക്കിലേക്കുള്ള സൈനീക നീക്കങ്ങൾക്ക് കൂടുതൽ ​ഗുണകരമാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com