അണപൊട്ടിയ സങ്കടം; കെട്ടിപ്പിടിച്ച് കരഞ്ഞ് അമ്മ; ചേര്‍ത്ത് നിര്‍ത്തി പ്രിയങ്ക;അനുഭവിച്ച യാതനകള്‍ പങ്കുവച്ച് കുടുംബം (വീഡിയോ)

കിലോമീറ്ററുകള്‍ താണ്ടി വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയെ കെട്ടിപ്പിടിച്ച് ആ അമ്മ പൊട്ടിക്കരഞ്ഞു...
ഹാഥ്‌രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ ആശ്വസിപ്പിക്കുന്ന പ്രിയങ്ക ഗാന്ധി/ ചിത്രം: പിടിഐ
ഹാഥ്‌രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ ആശ്വസിപ്പിക്കുന്ന പ്രിയങ്ക ഗാന്ധി/ ചിത്രം: പിടിഐ

കിലോമീറ്ററുകള്‍ താണ്ടി വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയെ കെട്ടിപ്പിടിച്ച് ആ അമ്മ പൊട്ടിക്കരഞ്ഞു... മകള്‍ മരിച്ച ദിവസം മുതലനുഭവിക്കുന്ന യാതനകള്‍ ഓരോന്നായി പങ്കുവച്ചു. എല്ലാം കേട്ട് രാഹുലും കോണ്‍ഗ്രസ് നേതാക്കളും ഒപ്പമിരുന്നു. 

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് പ്രിയങ്കയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ അഞ്ചംഗ കോണ്‍ഗ്രസ് സംഘം ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാജ്യസഭ പ്രതിപക്ഷ നേതാവ് മുകുള്‍ വാസ്‌നിക്, ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നീ നേതാക്കളും സംഘത്തിലുണ്ടായിരുന്നു.

ഒരു ശക്തിക്കും തങ്ങളെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് കുടുംബത്തെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ കോണ്‍ഗ്രസ് സമര രംഗത്തുണ്ടായിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മകളെ അവസാനമായി കാണാന്‍ കൂടി കുടുംബത്തിന് സാധിച്ചില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഉത്തരവാദിത്തങ്ങള്‍ എന്താണെന്ന് മനസ്സിലാക്കണം. മകളുടെ ശരീരം അവസാനമായി കാണിക്കാതെ ദഹിപ്പിച്ച ജില്ലാ കലക്ടറെ മാറ്റണമെന്നും ജിഡീഷ്യല്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടതായി പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന് സുരക്ഷ ആവശ്യമാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ രണ്ടാമത്തെ ശ്രമം വിജയത്തിലെത്തിയത്. വ്യാഴാഴ്ച ഹാഥ്‌രസിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ നേതാക്കള്‍ വീണ്ടും ഉത്തര്‍പ്രദേശിലെത്തി.

കനത്ത പൊലീസ് സന്നാഹത്തെയാണ് രാഹുലിന്റെയും പ്രിയങ്കയുടെയും വരവിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയായ നോയിഡയില്‍ പൊലീസ് വിന്യസിച്ചിരുന്നത്. കോണ്‍ഗ്രസ് എംപിമാരും ആയിരക്കണക്കിന് പ്രവര്‍ത്തകരും രാഹുലിന്റെ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ പൊലീസ് സംഘത്തെ കടത്തിവിടാന്‍ വിസമ്മതിച്ചു. തുടര്‍ന്ന നോയിഡ എസിപിയുടെ നേതൃത്തില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ച് പേര്‍ക്ക് ഹാഥ്‌രസിലേക്ക് പോകാനുള്ള അനുമതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com