'ടോയ്‌ലറ്റിനു മുന്നില്‍ പോലും പൊലീസുകാര്‍, മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി, ഊടുവഴികള്‍ വരെ അടച്ചു'; ഹാഥ്‌രസിലെ കുടുംബം ബന്ധനത്തിലെന്ന് റിപ്പോര്‍ട്ട് 

പൊലീസ് അവരുടെ വീട് കൈയടക്കിയിരിക്കുകയാണ്. വീടിന് ഉള്ളിലും ടെറസിലുമെല്ലാം നിറയെ പൊലീസാണ്
ഹാഥ്‌രസ് സംഭവത്തില്‍ പ്രതിഷേധിച്ച് ലക്‌നൗവില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം/പിടിഐ
ഹാഥ്‌രസ് സംഭവത്തില്‍ പ്രതിഷേധിച്ച് ലക്‌നൗവില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം/പിടിഐ


ലക്‌നൗ: ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ പൊലീസ് അക്ഷരാര്‍ഥത്തില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ വീട് പൊലീസ് പൂര്‍ണമായും കൈയടക്കിയിരിക്കുകയാണെന്ന്, ബന്ധുക്കളെയും ഗ്രാമീണരെയും ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

''പൊലീസ് അവരുടെ വീട് കൈയടക്കിയിരിക്കുകയാണ്. വീടിന് ഉള്ളിലും ടെറസിലുമെല്ലാം നിറയെ പൊലീസാണ്''- പെണ്‍കുട്ടിയുടെ മുറസഹോദരന്‍ എന്ന് അവകാശപ്പെട്ട യുവാവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഗ്രാമത്തിന്റെ അതിര്‍ത്തികളില്‍ ബാരിക്കേഡ് വച്ച് പൊലീസ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞിരിക്കുകയാണ്. ഈ ബാരിക്കേഡിനു സമീപം നിന്നാണ് യുവാവ് സംസാരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെയും അടുത്ത ബന്ധുക്കളെയും മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചുവാങ്ങിയിരിക്കുകയാണെന്നും പിതാവിനെ പൊലീസ് മര്‍ദിച്ചതായും യുവാവ് പറഞ്ഞു.

''പെണ്‍കുട്ടിയുടെ പിതാവിന് മാധ്യമങ്ങളെ കാണണമെന്നുണ്ട്. എന്നാല്‍ പുറത്തേക്ക് ഇറങ്ങാന്‍ ഒരു വഴിയുമില്ല. വയലിലൂടെയുള്ള വഴിയിലൂടെ പോവാന്‍ ഒരു ശ്രമം നടത്തി. എന്നാല്‍ അവിടെയും പൊലീസ് ആണ്. ഗ്രാമത്തിലെ ഊടുവഴികള്‍ പോലും അവര്‍ തടഞ്ഞിരിക്കുകയാണ്''- യുവാവ് പറഞ്ഞു.

വീടിനുള്ളില്‍ മാത്രമല്ല, ടോയ്‌ലറ്റിനു പുറത്തു പോലും പൊലീസ് കാവല്‍ ഉണ്ടെന്ന് അയല്‍വാസി പറഞ്ഞു. പുറത്തു പൊലീസ് കാവല്‍ നില്‍ക്കുന്നതിനാല്‍ വീട്ടിലെ സ്ത്രീകള്‍ക്കു ടോയ്‌ലറ്റില്‍ പോലും പോവാനാവാത്ത സ്ഥിതിയാണെന്ന് ഇയാള്‍ പറഞ്ഞു. ഡോക്ടറെ കാണുന്നതിന് എന്നു പറഞ്ഞാണ് താന്‍ ഗ്രാമത്തിനു വെളിയിലേക്കു വന്നതെന്നും ഇയാള്‍ അറിയിച്ചു.

''എന്റെ സഹോദരി ബലാത്സംഗത്തിന് ഇരയായില്ലെന്നും കോവിഡ് ബാധിച്ച് മരിച്ചതാണെന്നുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുകയും ആശയവിനിമയത്തിനുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്തു. വീടിനു പുറത്തിറങ്ങാനോ അഭിഭാഷകരെ കാണാനോ ഞങ്ങള്‍ക്ക് അനുവാദമില്ല.'' യുവാവ് പറഞ്ഞു.

''കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കുമെതിരെ പോരാടും. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് മൃതദേഹം സംസ്‌കരിച്ചത്. ബലാല്‍സംഗം നടന്നതായി പെണ്‍കുട്ടിതന്നെ മൊഴി നല്‍കിയിട്ടുണ്ട്''- യുവാവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com